ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ചില ഉപാധികളോടെയാണു പരമോന്നത കോടതി താരതമ്യേന കുറഞ്ഞ മലിനീകരണത്തിനു കാരണമാകുന്ന ഹരിതപടക്കങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഈ മാസം 20നാണ് ദീപാവലി ആഘോഷം എന്നിരിക്കെ 18നും 21നുമിടയ്ക്കു തലസ്ഥാനനിവാസികൾക്ക് ഹരിതപടക്കം പൊട്ടിക്കാമെന്ന് കോടതി പറഞ്ഞു.
മേൽക്കോടതിയുടെ ഉത്തരവനുസരിച്ച് രാവിലെ ആറു മുതൽ ഏഴു വരെയും രാത്രി എട്ടു മുതൽ പത്തു വരെയുമാണ് പടക്കം പൊട്ടിക്കാനുള്ള അനുമതി. ഓണ്‍ലൈൻ വെബ്സൈറ്റുകളിൽ ലഭ്യമല്ലാത്ത ഹരിതപടക്കങ്ങൾ ചില തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ വില്പനയുള്ളൂ.
ഇത്തരത്തിൽ വില്പന നടത്തുന്ന ഹരിത പടക്കങ്ങൾക്കെല്ലാം പച്ച ലോഗോയും ക്യൂആർ കോഡുമുണ്ടാകും. പ്രത്യേക പട്രോളിംഗ് ടീമുകൾ ഹരിത പടക്കങ്ങൾ വിൽക്കുന്ന എല്ലാ സ്ഥലങ്ങളും സന്ദർശിക്കുകയും പടക്കങ്ങളിലെ ക്യൂആർ കോഡുകൾ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പുവരുത്തുയും ചെയ്യും.
സാധാരണ പടക്കങ്ങളിൽനിന്ന് 20 മുതൽ 30 ശതമാനം വരെ വായുമലിനീകരണം കുറവുള്ള ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് അനുമതി നൽകിയിരിക്കുന്നത്.
Tags : fireworks Supreme Court Deepavali