ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
നിരപരാധികൾ മരിക്കണമെന്ന് ഒരു നേതാവും ആഗ്രഹിക്കില്ല. ഏത് പാർട്ടിയിൽ പെട്ടവരായാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
ജുഡീഷൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും. അപകടത്തിനുള്ള കാരണം കണ്ടെത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Karoor Stampede Vijay TamilNadu MK Stalin