ഫരീദാബാദ്: ഹരിയാനയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ബല്ലബ്ഗഢ് സെക്ടർ 8ൽ താമസിക്കുന്ന നിഖിൽ ഗോസ്വാമി(30) എന്നയാളാണ് രണ്ട് വയസുകാരിയായ സിദ്ധിയെയും കൈക്കുഞ്ഞായ മറ്റൊരു മകളെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.
പ്രാഥമിക അന്വേഷണത്തിൽ, പ്രസവത്തിനിടെ ഭാര്യ മരിച്ചതിനെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
2019ൽ നിഖിൽ, പൂജ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഭാര്യയുടെ മരണത്തെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നു. വീടിന്റെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയാണ് ഇയാൾ മക്കളെ കൊന്നത്. തുടർന്ന് മറ്റൊരു മുറിയിൽ കയറി തൂങ്ങി മരിച്ചു.
നിഖിലിന്റെ പിതാവാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി ഫരീദാബാദ് പോലീസ് വക്താവ് പറഞ്ഞു.