ചെന്നൈ: തമിഴ്നാട്ടിൽ വാഹനപരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥർ. തിരുവണ്ണാമലയിലാണ് സംഭവം.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയെ സഹോദരിയുടെ മുന്നിൽവച്ചാണ് പോലീസുകാർ പീഡിപ്പിച്ചത്. സംഭവത്തിൽ തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതികൾ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി.
ഒപ്പമുണ്ടായിരുന്ന സഹോദരി ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പോലീസുകാർ കേട്ടില്ല. പോലീസുകാർ പീഡനത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു.
പുലർച്ചെ നാലോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് സൂപ്രണ്ട് സുധാകറും ഡപ്യൂട്ടി സൂപ്രണ്ട് സതീഷും ആശുപത്രി സന്ദർശിച്ചു. അഞ്ച് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനും യുവതികൾക്കു വേണ്ട സഹായത്തിനുമായി ചുമതലപ്പെടുത്തി. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.