ആരാധകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റിന്റെ ടീസർ റിലീസായി. തീ പാറുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളും മാസ് ഡയലോഗുകളുമായി സമ്പന്നമാണ് ടീസർ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രകടനത്തിനൊപ്പം കിടപിടക്കുന്ന അഭിനയവുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
അൻപതോളം സിനിമകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട താര രാജാക്കന്മാർ അവസാനം ഒന്നിച്ചെത്തിയത് 2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ്. നീണ്ട 12 വർഷങ്ങൾക്കു ശേഷം ഇരുതാരങ്ങളും ഒന്നിച്ചെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ആണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്.
ജിനു ജോസഫ്, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
ചിത്രം നിർമിക്കുന്നത് ആ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.
സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Tags : Mammootty Mohanlal Patriot Teaser