അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ക്ഷമാപണം നടത്തി ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെക്കുറിച്ച് നടി നടത്തിയ പരാമർശത്തിന്റെ പേരിലാണ് മാപ്പ് അപേക്ഷ.
73കാരിയായ മഹീന്ദർ കൗർ നൽകിയ മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരായാണ് താരം മാപ്പ് പറഞ്ഞത്. അതീവ സുരക്ഷയിലായിരുന്നു താരം കോടതിയിൽ എത്തിയത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താരം ക്ഷമ ചോദിച്ചെത്തി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു.
പരാതിക്കാരിയുടെ ഭർത്താവിനോടാണ് മാപ്പു പറഞ്ഞതെന്ന് കങ്കണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ സമയത്ത് പരാതി നൽകിയ മഹീന്ദർ കൗർ കോടതിയിൽ ഉണ്ടായിരുന്നില്ല.
2021ലെ കർഷക സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73 വയസുകാരിക്കെതിരെയാണ് കങ്കണ അധിക്ഷേപകരമായ ട്വീറ്റിട്ടത്. കർഷക സമരത്തിന്റെ പ്രതീകമായ മാറിയ മഹീന്ദർ കൗറിനെ കുറിച്ച് രാജ്യാന്തര മാധ്യമങ്ങൾ വരെ വാർത്ത നൽകിയിരുന്നു.
‘ഏറ്റവും കരുത്തയായ ഇന്ത്യക്കാരിയെന്നു ടൈം മാഗസിൻ വിശേഷിപ്പിച്ച അതേ ദാദിയാണ് ഇവർ. 100 രൂപയ്ക്ക് ലഭ്യമാണ്’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
ഡൽഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധത്തിൽ പങ്കെടുത്ത ബിൽക്കീസ് ദാദിയുമായി മഹീന്ദർ കൗറിനെ ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇവരെ പോലെയുള്ള പ്രതിഷധക്കാരെ വാടകയ്ക്ക് എടുക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. തുടർന്നാണു മഹീന്ദർ കൗർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.
Tags : Kangana Ranaut Movie News