വിവാദങ്ങൾക്ക് വിരാമമിട്ട് സുരേഷ് ഗോപി നായകനായ ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള തിയറ്ററുകളിലേയ്ക്ക്. ചിത്രം ജൂലൈ 17-ന് തിയേറ്ററുകളിലെത്തും. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ, വലിയ വിവാദങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചത്. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പാണ് സര്‍ട്ടിഫിക്കേഷനായി അയച്ചിരുന്നത്. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.
ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു
ഈ മാറ്റങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം റീ എഡിറ്റ് ചെയ്തത്. തുടർന്ന്, വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തി. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് പ്രദര്‍ശനാനുമതി നല്‍കിയത്.
Tags : sureshgopi janakivstateofkeralamovie releasingdate