അയലക്കുന്നിൽ മണ്ണെടുപ്പ് തുടരുന്നു; പ്രതിഷേധവുമായി ജനകീയസമിതി
1532097
Wednesday, March 12, 2025 2:09 AM IST
ഷൊർണൂർ: മണ്ണെടുപ്പുകാരണം കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന തൊഴൂക്കര അയലക്കുന്ന് ഇല്ലാതാക്കുന്നുവെന്നു അയലക്കുന്ന് സംരക്ഷണസമിതി ജനകീയ കമ്മിറ്റി.
പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തൊഴൂക്കര അയലക്കുന്ന് പരിസ്ഥിതിലോലപ്രദേശമാണ്. ഇവിടെ മണ്ണെടുപ്പ് തുടരാൻ അനുവദിക്കരുതെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മണ്ണിടിഞ്ഞ് വലിയ വിപത്തിനു സാധ്യതയുണ്ടെന്ന് റവന്യൂ അധികൃതർക്ക് ബോധ്യമുള്ളതുകൊണ്ടാണ് മഴ ശക്തിപ്പെട്ടാൽ അയലക്കുന്നിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നത്.
എന്നിട്ടും കുന്നിടിച്ചുനിരത്തി ടൺ കണക്കിന് മണ്ണുകടത്തുന്നത് തുടരുകയാണ്. വിഷയത്തിൽ അധികാരികൾ മൗനം പാലിക്കുകയാണെന്നും സമിതിഭാരവാഹികൾ കുറ്റപ്പെടുത്തി.
തൊഴൂക്കര, തണ്ണീർക്കോട്, കിഴക്കൻമുക്ക് പ്രദേശങ്ങളിലെ നൂറിലേറെ കുടുംബങ്ങളാണ് ഭയന്നുകഴിയുന്നത്. ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് കുടിവെള്ളക്ഷാമവും ഇവിടെ രൂക്ഷമാണ്.
കുന്നിടിക്കലിനെതിരേ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ച് താത്കാലികമായി മണ്ണെടുപ്പ് നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അമിതഭാരവുമായി പോകുന്ന വാഹനങ്ങൾ റോഡുകളെയും തകർത്തു.അയലക്കുന്ന് ഗ്രാമം സംരക്ഷിക്കാൻ നിയമപോരാട്ടം നടത്തുമെന്നും ജനകീയസമിതി ഭാരവാഹികളായ കെ. അനൂപ്, പതിനഞ്ചാം വാർഡ് മെംബർ കെ. ശശിരേഖ, ടി. പ്രവീൺ, കെ.വി. ലക്ഷ്മിഗോപാൽ, എ.എൻ. താമി, എ.പി. വിനീത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.