പരിസ്ഥിതിദിനത്തിൽ പാതയോരത്തു നട്ട ചെടികളെല്ലാം ഉണങ്ങിക്കരിഞ്ഞു
1532105
Wednesday, March 12, 2025 2:09 AM IST
വടക്കഞ്ചേരി: പാതയോരങ്ങളും ഒഴിഞ്ഞസ്ഥലങ്ങളും മനോഹരവും ഹരിതാഭവുമാക്കാൻ പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് നട്ട ചെടികളെല്ലാം വെള്ളം കിട്ടാതെ ഉണങ്ങിക്കരിഞ്ഞു.
ചെടികൾ നിന്നിരുന്ന സ്ഥലംപോലും തിരിച്ചറിയാനാകാത്ത വിധം പലതും മണ്ണിൽ ലയിച്ചു. ഇനി അടുത്ത പരിസ്ഥിതിദിനം വരണം ഇവിടെയൊക്കെ ആളുകൾ ശ്രദ്ധിക്കാൻ.
ജനപ്രതിനിധികളും വിദ്യാർഥികളും സംഘടനകളുമെല്ലാം സംഘടിച്ച് നടീൽ നടത്തിയപ്പോൾ ഏവരും സന്തോഷിച്ചിരുന്നു. പക്ഷെ വേനലിൽ വെള്ളവും പരിചരണവും കിട്ടുമെന്ന് കരുതിയതെല്ലാം പറ്റിക്കലായിരുന്നുവെന്ന് വൈകിയാണ് ചെടികൾ പോലും തിരിച്ചറിഞ്ഞത്.
അപ്പോഴെക്കും ആയുസ് നഷ്ടപ്പെട്ടു. അടുത്ത പരിസ്ഥിതിദിനത്തിലും ഇവിടെ വീണ്ടും ചെടികൾ നടും.ഫോട്ടോ എടുക്കലും നടക്കും. ഓരോ വർഷവും നടുന്ന ചെടികളും മരത്തൈകളും സംരക്ഷിച്ചിരുന്നെങ്കിൽ നാടാകെ കാടായി മാറുമായിരുന്നു.
വരൾച്ചയെ അതിജീവിച്ച് നിൽക്കുന്ന ചെടികൾ പൊന്തക്കാട് കയറിയും ആടുമാടുകൾ കടിച്ചും നശിച്ചു.
ആമക്കുളത്ത് പാതയോരത്ത് നട്ട മരത്തൈകൾക്ക് ചുറ്റും നെറ്റ് വേലി സ്ഥാപിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.
കൂടിനുള്ളിലും പാഴ്ചെടികൾ അതിക്രമിച്ചു കയറി ചെടികളെ ഞെക്കിഞെരുക്കി.
സംരക്ഷണകൂട്ടുകളും മറിഞ്ഞുവീണും മറ്റും കാണാമറയത്തായി.