പൊട്ടിപ്പൊളിഞ്ഞ റോഡ്; ആദിവാസികൾ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉപരോധിച്ചു
1532103
Wednesday, March 12, 2025 2:09 AM IST
പാലക്കയം: പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉപരോധിച്ചു. പാലക്കയം ഇഞ്ചിക്കുന്നിലെ ഫോറസ്റ്റ് ഓഫീസിനോട് ചേർന്നുള്ള ചെക്ക്പോസ്റ്റാണ് ശിങ്കമ്പാറ ഉന്നതിയിലെ ആദിവാസികൾ ഉപരോധിച്ചത്. ശിങ്കമ്പാറ വനം സംരക്ഷണ സമിതി പ്രസിഡന്റ് അയ്യപ്പന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാൻ അധികാരികൾ തയ്യാറാകാത്തതിലായിരുന്നു പ്രതിഷേധം. പ്രളയകാലത്തും കൊറോണ കാലഘട്ടത്തിലും പൊട്ടിപ്പൊളിഞ്ഞ ഈ റോഡുകൾ ഇതുവരെ ഗതാഗതയോഗ്യമാക്കിയിട്ടില്ല. 5 മാസംമുമ്പ് ശിരുവാണിഡാമിലേയ്ക്കും സമീപപ്രദേശങ്ങളിലേയ്ക്കും സന്ദർശകരെ അനുവദിക്കുകയും നിശ്ചിതഫീസ് വാങ്ങി കടത്തിവിടുകയും ചെയ്തിരുന്നു.
ഇഞ്ചിക്കുന്ന് ചെക്ക്പോസ്റ്റിൽ നിന്നും 10 കിലോമീറ്റർ വരുന്ന ശിരുവാണിഡാം വരെയുള്ള റോഡിന്റെ പലഭാഗത്തും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായാണ് കിടക്കുന്നത്. കാടുപിടിച്ചു കിടക്കുന്നതിനാൽ എതിരെവരുന്ന വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. എസ് വളവിന്റെ സമീപം അരകിലോമീറ്റർ വണ്ടി പിന്നോട്ട് എടുത്താൽ മാത്രമാണ് എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാനാകൂ.
ടൂറിസംപദ്ധതി ആരംഭിച്ചതോടെ ഉന്നതിയിലുള്ളവരും പാലക്കയം വട്ടപ്പാറക്കാരും പ്രതീക്ഷയിലായിരുന്നു. തകർന്നറോഡുകൾ പുനർനിർമിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പത്ത് ലക്ഷത്തോളം രൂപ മുടക്കി ഇഞ്ചിക്കുന്ന് ലതമുക്കിനു താഴെ 25 മീറ്ററോളം റോഡ് കോൺക്രീറ്റ് ചെയ്തതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിരുവാണി സന്ദർശിക്കാനെത്തുന്നവർക്ക് ഒരാളിൽ നിന്നും 400 രൂപയോളം പ്രവേശന ഫീസായി ഈടാക്കുന്നുണ്ട്.
അതിനുള്ള ഒരു സൗകര്യവും വകുപ്പ് ഒരുക്കിയിട്ടുമില്ല. ശിരുവാണിയിൽ സന്ദർശനം നടത്തുന്നവർക്ക് ഒരു ഗ്ലാസ് വെള്ളം പോലും കിട്ടാനുള്ള ഏർപ്പാടുപോലും ഒരുക്കിയിട്ടില്ല. റേഷൻസാധങ്ങൾ വാങ്ങാനും പലചരക്ക്കടകളിൽ നിന്നുള്ള സാധനങ്ങൾ വാങ്ങാനും ആദിവാസികൾ പാലക്കയത്താണ് എത്തുന്നത്. അരിയും മറ്റ് സാധങ്ങളും വാങ്ങി ഇവർ ഓട്ടോറിക്ഷയിലാണ് തിരികെപോകുന്നത്.
റോഡ് മോശമായതിനാൽ ഓട്ടോറിക്ഷക്ക് 450 രൂപയാണ് വാടക വാങ്ങുന്നത്. ജീപ്പിന് 1000 രൂപയും. റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് തകർന്നതോടെ വാഹനങ്ങൾ ഓട്ടം പോകാൻ വിസമ്മതിക്കുകയാണ്. രോഗികളായിട്ടുള്ളവരെ വാഹനലഭ്യതയില്ലായ്മ മൂലം യഥാസമയം ആശുപത്രിയിൽ എത്തിക്കാൻപോലും സാധിക്കുന്നില്ല.
പ്രതിഷേധത്തെത്തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിഎസ്എസ് പ്രസിഡന്റ് അയ്യപ്പനുമായി ചർച്ചനടത്തുകയും രണ്ടു മാസത്തിനുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കാമെന്നും ഉറപ്പുനൽകി.