പന്നിയങ്കരയിലെ ടോൾവിഷയം: ശാശ്വതപരിഹാരം വേണം
1531797
Tuesday, March 11, 2025 1:30 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെയും സ്കൂൾ വാഹനങ്ങളുടെയും ടോൾ വിഷയം സംബന്ധിച്ച് 15നു മുമ്പ് ശാശ്വത തീരുമാനം ഉണ്ടാകണമെന്ന ആവശ്യം ശക്തം. വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ മാസം 18 ന് ചേർന്ന സർവകക്ഷിയോഗം ഏഴംഗസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
സമിതി 15 നകം തീരുമാനമെടുത്ത് വീണ്ടും യോഗം വിളിച്ച് എല്ലാവിഭാഗം ആളുകളേയും അറിയിക്കുമെന്നും ബന്ധപ്പെട്ടവർ ഉറപ്പു നൽകിയിരുന്നു. കെ. രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി. സുമോദ്, കെ.ഡി. പ്രസേനൻ, കളക്ടർ ജി. പ്രിയങ്ക, ടോൾ കമ്പനി പ്രതിനിധി, നാഷണൽ ഹൈവേ അഥോറിറ്റി പ്രതിനിധി എന്നിവരടങ്ങുന്നതാണ് സബ് കമ്മിറ്റി. ഈ മാസം 15 വരെ തത്സ്ഥിതി തുടരാനുമാണ് ധാരണയുള്ളത്. പതിനഞ്ചാം തീയതിക്കിനി മൂന്ന് ദിവസം മാത്രം ശേഷിക്കെ സബ് കമ്മിറ്റി തീരുമാനം വൈകരുതെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പത്ത് കിലോമീറ്ററിലുള്ള പ്രദേശവാസികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നായിരുന്നു സർവകക്ഷിയോഗത്തിലെ ഏകകണ്ഠമായ അഭിപ്രായം.
എന്നാൽ അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ ടോൾകമ്പനിയും നാഷണൽ ഹൈവേ പ്രതിനിധിയും ഉറച്ചു നിന്നതോടെയാണ് അന്തിമ തീരുമാനത്തിലെത്താനാകാതെ സബ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തിയത്.