ചിനക്കത്തൂർ ഒരുങ്ങി, മാമാങ്കം ഇന്ന്
1532104
Wednesday, March 12, 2025 2:09 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: കാഴ്ചവട്ടങ്ങളുടെ നിധിയറ തുറന്ന് ചിനക്കത്തൂരിൽ പൊൻപൂരം ഇന്ന്. കുമ്മാട്ടിനാളിൽ കുതിരക്കോലങ്ങൾക്ക് തലവച്ചതോടെ ദേശമേഴിലും ആവേശം പൂർണതയിലെത്തി. തട്ടകം ആഹ്ലാദതിമിർപ്പിൽ മതിമറന്നു. കുതിരക്കോലങ്ങൾക്കു ചുറ്റും ആർത്തിരമ്പി കാത്തുനിന്ന തട്ടകത്തിനു പൊരിവെയിൽ പൂനിലാവായി.
ആരവങ്ങളുടെ അകമ്പടിയോടെ കുതിരക്കോലങ്ങൾക്ക് തലവച്ചതോടെ ചിനക്കത്തൂരിൽ പൂരം പിറന്നു. പല്ലാർമംഗലത്തെ കൊച്ചിരാജാവ്, പാലപ്പുറത്തെ പുതുകോവിലകം കുതിരകൾ ആചാരത്തികവോടെ രാത്രിതന്നെ ദേവീസന്നിധിയിലെത്തി. കലാ-സാംസ്കാരിക പരിപാടികളും ആനച്ചമയ പ്രദർശനങ്ങളുമായി രാവു വളർന്നു. ഇന്നുപുലർച്ചെ അനുഷ്ഠാന കലാരൂപങ്ങളായ പൂതൻ-തിറകളുടെ കാവേറ്റത്തോടെ തട്ടകം പൂരക്കാഴ്ചകളുടെ ചിലമ്പണിഞ്ഞു.
രാവിലെ 6.30നു ദേവിയുടെ ആറാട്ടിന് അകമ്പടിയായി ‘ആറാട്ടുമേളം’ കൊട്ടിക്കയറും. താഴെക്കാവിൽ കൊടിയിറക്കത്തോടെ തിരുനടയടയും. പിന്നെ മേലേക്കാവിലാണു പൂരം. ഉച്ചയ്ക്ക് ഏഴു ദേശങ്ങളിൽ നിന്നും പൂരപ്പുറപ്പാട്. ദേശക്കരുത്തിന്റെ ചുമലിലേറി കുതിരക്കോലങ്ങൾ കാവിലേക്കു കുതിക്കും. ഉച്ചകഴിഞ്ഞു 3നു കുതിരകൾ പൂരപ്പറമ്പിൽ പടിഞ്ഞാറ്, കിഴക്ക് ചേരികളിലായി അണിനിരക്കുന്നതോടെയാണു പ്രസിദ്ധമായ കുതിരകളിക്കു തുടക്കം.
കളികഴിഞ്ഞു കുതിരകൾ പന്തികളിലേക്കു പിൻവാങ്ങുന്നതോടെ തേരും തട്ടിന്മേൽക്കൂത്തും വഴിപാട് കുതിരകളും കാളകളും ദേവിയെ വണങ്ങാനെത്തും. ഉച്ചയ്ക്കു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേശങ്ങളിൽനിന്നു പുറപ്പെടുന്ന ആനപ്പൂരങ്ങൾ മൈതാനത്തിന്റെ പടിഞ്ഞാറ്, കിഴക്ക് ചേരികളിലായി അണിനിരക്കും.
ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം ദേശങ്ങളിലെ 17 ഗജവീരന്മാർ പടിഞ്ഞാറൻ ചേരിയിലും തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ 10 ആനകൾ കിഴക്കൻ ചേരിയിലും മുഖാമുഖം അണിനിരക്കുമ്പോൾ പാണ്ടിമേളം തുടങ്ങും. മേളത്തിന്റെ താളത്തിനൊത്താണു കുടമാറ്റം. കൂട്ടി എഴുന്നള്ളിപ്പാണ് ഇത്തവണത്തെ പ്രധാന ആകർഷണീയത. കുടമാറ്റവും ഇതോടൊന്നിച്ച് നടക്കും. ആനകൾ തിരുമുറ്റത്തെത്തുമ്പോഴേക്കും തന്നെ സ്പെഷൽ ആഘോഷകമ്മിറ്റികൾ വാദ്യമേളങ്ങളും എണ്ണമറ്റ കലാരൂപങ്ങളുമായി ദേവീസന്നിധിയിലെത്തി കാഴ്ചവിരുന്നൊരുക്കും.
രാത്രി ഏഴരയോടെ പകൽപ്പൂരം പിരിയുമ്പോൾ വെടിക്കെട്ടിനു തിരിതെളിയും. രാത്രി 8നു പടിഞ്ഞാറൻ ചേരിയുടെയും 9.30നു തെക്കുമംഗലം ദേശത്തിന്റെയും വെടിക്കെട്ട്. ദേശങ്ങളിൽ നിന്നു പുറപ്പെടുന്ന രാത്രിപ്പൂരം ചൊവ്വാഴ്ച പുലർച്ചെ വീണ്ടുംക്ഷേത്രസന്നിധിയിലെത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പു പൂർത്തിയാക്കും.
രാവിലെ ഏഴരയോടെ ഇരു ചേരികളിലെയും 27 ഗജവീരന്മാർ ഒന്നിച്ചണിനിരന്നു കൂട്ടിയെഴുന്നള്ളിപ്പ് പൂർത്തിയാക്കി ഉപചാരം ചൊല്ലി പിരിയും. പിന്നാലെ ഏഴുദേശം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വെടിക്കെട്ട്. തേരും തട്ടിന്മേൽക്കൂത്തും ദേവിയെ വണങ്ങി പിൻവാങ്ങും. വീണ്ടും വാശിയേറിയ കുതിരകളി, കലാശക്കളിക്കു ശേഷം കുതിരകൾ പന്തികളിലേക്കു മടങ്ങുന്നതോടെ പൂരത്തിനു സമാപനമാകും.