പ്രകൃതിചൂഷണം; കർശനനടപടികളുമായി റവന്യൂ വകുപ്പ്
1531796
Tuesday, March 11, 2025 1:30 AM IST
ഷൊർണൂർ: പാടംനികത്തലും പ്രകൃതി ചൂഷണവും പട്ടാമ്പി താലൂക്കിൽ കർശനനടപടികളുമായി റവന്യൂ വകുപ്പ്. കൊപ്പത്ത് അനുമതിയില്ലാതെ വയൽ നികത്താനുപയോഗിച്ച ഒരു മണ്ണുമാന്തിയന്ത്രം റവന്യൂ സ്ക്വാഡ് പിടികൂടി. കൊപ്പം വില്ലേജിലെ വിയറ്റ്നാംപടിയിൽനിന്നുമാണ് ഇത് കസ്റ്റഡിയിൽ എടുത്തത്.
വാഹനങ്ങളും യന്ത്രങ്ങളും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനായി കളക്ടർക്ക് റിപ്പാർട്ട് സമർപ്പിക്കുമെന്ന് തഹസിൽദാർ ടി.പി. കിഷോർ പറഞ്ഞു. സ്ഥലം ഉടമകൾക്കെതിരേ ക്രിമിനൽകേസ് ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കുമെന്നും റവന്യുവകുപ്പധികൃതർ പറഞ്ഞു. അനധികൃത മണ്ണുഖനനം അടക്കമുള്ള പ്രകൃതിചൂഷണങ്ങൾ കൂടിയതോടെ നടപടി ശക്തമാക്കാനാണ് റവന്യുവകുപ്പധികൃതരുടെ തീരുമാനം. ഒരാഴ്ചക്കിടെ താലൂക്ക് പരിധിയിൽനിന്നും ഏഴ് വാഹനങ്ങളും കമ്പ്രസർ അടക്കമുള്ള യന്ത്രങ്ങളുമാണ് പിടികൂടിയത്.
മാർച്ച് ആദ്യവാരത്തിൽ സ്ക്വാഡിന്റെ പരിശോധനയിൽ മൂന്ന് ടിപ്പർലോറികളും രണ്ട് മണ്ണുമാന്തികളും ഒരു കമ്പ്രസറുമടക്കം ആറ് എണ്ണം പിടിച്ചെടുത്തിരുന്നു.
തിരുമിറ്റക്കോട് വില്ലേജിൽ എഴുമങ്ങാട്ടുനിന്നും അനധികൃതമായി മണ്ണെടുത്ത് കടത്തുന്ന ഒരു മണ്ണുമാന്തിയും രണ്ട് ടിപ്പർ ലോറികളും തൃത്താല വില്ലേജിൽ മേഴത്തൂരിൽ അനധികൃതമായി ഖനനം നടത്തിക്കൊണ്ടിരുന്ന ഒരു മണ്ണുമാന്തിയും പിടിച്ചെടുത്തു.
ഇതിനുപുറമേ കപ്പൂർ വില്ലേജിൽ കുമരനല്ലൂരിൽ അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന ഒരു ടിപ്പർലോറിയും തൃത്താല വില്ലേജിൽ അനധികൃതമായി നെൽവയൽ നികത്തുന്നതിനിടെ ഒരു കമ്പ്രസറും സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിരുന്നു. അനധികൃത മണൽക്കടത്തിനെതിരേയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്ടാമ്പി പാലത്തിന് സമീപത്തുനിന്നും അനധികൃതമായി മണൽ കടത്തിയ ലോറി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായി പാലത്തിനപ്പുറവും ഇപ്പുറവുമായി വലിയ മണൽശേഖരം അടിഞ്ഞുകൂടിയിട്ടുണ്ട്.
ഇവിടെ കാടുപോലെ പുല്ല് വളർന്നുനിൽക്കുന്നതിനാൽ മണൽക്കടത്ത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതും പ്രശ്നമാണ്. നിലവിൽ പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായുള്ള പൈലിംഗ് തുടങ്ങിയതിനാൽ ജെസിബി ഉപയോഗിച്ച് വലിയ കുഴികൾ എടുക്കുന്നുണ്ട്. ഇവിടെനിന്നും ലഭിക്കുന്ന മണലും തൊട്ടപ്പുറത്തായാണ് കൂട്ടിയിടുന്നത്.
ഇതും രാത്രികാലങ്ങളിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ട്.