നെല്ലിയാമ്പതി നൂറടിയിലെ വെള്ളപ്പൊക്കത്തിന് പരിഹാരനടപടി ആരംഭിച്ചു
1532106
Wednesday, March 12, 2025 2:09 AM IST
നെല്ലിയാമ്പതി: ഗ്രാമപഞ്ചായത്തിലെ പ്രധാനകേന്ദ്രമായ നൂറടിയിലെ വെള്ളപ്പൊക്കത്തിന് പരിഹാര നടപടികൾ ആരംഭിച്ചു. മഴക്കാലത്ത് നൂറടിപുഴയിൽ വെള്ളം പൊങ്ങി പാലത്തിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിലും റിസോർട്ടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലേക്കും വെള്ളംകയറുന്നത് പതിവാണ്. ഇത് പരിഹരിക്കാനായി പഞ്ചായത്ത് രണ്ടുവർഷമായി തുക വകയിരുത്തിയെങ്കിലും നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല.
നൂറടിപാലത്തിന് തെക്കുഭാഗത്ത് പുഴയിൽ വീണുകിടക്കുന്ന മരങ്ങളും അടിഞ്ഞുകൂടിയ മണ്ണും മഴക്കാലത്ത് നീരൊഴുക്കിന് തടസമായി നൂറടിഭാഗത്ത് ദിവസങ്ങളോളം വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്.
വെള്ളപ്പൊക്കം പരിഹരിക്കാനായി പഞ്ചായത്ത് മുൻകൈയെടുത്ത് 25 ലക്ഷത്തോളം രൂപ ഫണ്ട് നൽകി നൂറടിപുഴ വൃത്തിയാക്കാൻ തയ്യാറായെങ്കിലും വനം വകുപ്പ് പുഴയിൽ അടിഞ്ഞുകൂടിയ തടസം നീക്കുന്നതിനും താഴെ നിന്ന് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനും അനുമതി നൽകിയില്ല. തുടർന്ന് മുൻ കളക്ടറും ജനപ്രതിനിധികളും ഇടപെട്ടാണ് വെള്ളപ്പൊക്കം ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനമായത്. ഇതിനായി പഞ്ചായത്ത് മാറ്റിവെച്ച തുക മൈനർ ഇറിഗേഷൻ വകുപ്പിന് കൈമാറി.
മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് കരാർ നൽകിയത്. ഇപ്പോൾ നൂറടി പാലത്തിന് വടക്കുഭാഗത്ത് വെള്ളപ്പൊക്കം തടയുന്നതിന് സംരക്ഷണഭിത്തിയും പുഴയ്ക്ക് താഴ്ഭാഗത്ത് തടസമായി കിടക്കുന്ന മരം മരങ്ങളും ചെളിയും നീക്കുന്നതിനാണ് നടപടി തുടങ്ങിയിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളും പുഴയിൽ അടിഞ്ഞുകൂടിയ മരവും ചെളിയും നീക്കം ചെയ്യുന്നതോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറടിപുഴയിൽ എത്തുന്ന മലവെള്ളം കാരപ്പാറ പുഴയിലേക്ക് തടസരഹിതമായി ഒഴുകി വെള്ളപ്പൊക്ക ഭീഷണി ഒഴിവാകും എന്നാണ് പ്രതീക്ഷ.