പാലക്കുഴിയിലെ കൃഷിയിടങ്ങളിൽ കാട്ടുകൊമ്പന്റെ വിളയാട്ടം തുടരുന്നു
1515878
Thursday, February 20, 2025 2:04 AM IST
വടക്കഞ്ചേരി: പാലക്കുഴിയിൽ കാട്ടുകൊമ്പൻ കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്നത് തുടരുമ്പോഴും നടപടി എടുക്കാതെ മാറി നിൽക്കുന്ന വനംവകുപ്പിൻ്റെ നിഷ്ക്രിയത്വത്തിനെതിരെ ഫോറസ്റ്റ് ഓഫീസുകൾക്കു മുന്നിൽ സമരമിരിക്കുമെന്ന മുന്നറിയിപ്പുമായി കിഫയും കർഷകരും. ദിവസവും കാട്ടുകൊമ്പൻ കൃഷിയിടങ്ങളിറങ്ങി വിള നശിപ്പിക്കൽ തുടരുകയാണ്. വലിയ കൊമ്പനാണ് നാട്ടിലിറങ്ങിയിട്ടുള്ളത്.
ചാർജുള്ള ഫെൻസിംഗിലേക്ക് സമീപത്തെ മരങ്ങൾ തള്ളിയിട്ട് തകർത്താണ് വരവ്. ഇന്നലെ ചേപ്പനത്തുകാരുടെ സോളാർ ഫെൻസിംഗ് തകർത്തായിരുന്നു ആന കൃഷിയിടങ്ങളിലെത്തിയത്.
ബിജു ചേപ്പനത്ത്, സോമൻ കല്ലൻമാക്കൽ എന്നിവരുടെ കൃഷിയിടത്തിലൂടെ വന്ന് പുഷ്പഗിരി വൈദീകാശ്രമത്തിനടുത്തെത്തി മെയിൻ റോഡ് സൈഡിലെ പ്ലാവിൽനിന്ന് ചക്ക പറിച്ചിട്ടുണ്ട്. പ്രദേശത്തെ വാഴ, തെങ്ങ്, കുരുമുളക് എന്നീ കൃഷികളും നശിപ്പിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പാലക്കുഴി മേഖലയിൽ ഈ കൊമ്പനാന ഭീതി പരത്തി കറങ്ങുകയാണ്. ബഹളംവച്ചാലും പടക്കം പൊട്ടിച്ചാലും ആന പിന്മാറില്ല. ഇടക്ക് അക്രമാസക്തമാകുന്നതായും പാഞ്ഞടുക്കുന്ന സാഹചര്യമുണ്ടെന്നും കർഷകർ പറയുന്നു. അത്യാവശ്യഘട്ടങ്ങളിൽ റോഡിലൂടെ വാഹനം ഓടിച്ച് പോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. മെയിൻറോഡല്ലാതെ പാലക്കുഴിക്കാർക്ക് താഴെ എത്താനും മലയിലേക്ക് കയറാനും മറ്റു യാത്രാമാർഗങ്ങളില്ല.
വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് കാടുകയറി പ്രവർത്തനരഹിതമാണ്. കേടായ ബാറ്ററി മാറിവെക്കാൻ ആലത്തൂർ റേഞ്ച് ഓഫീസർ പണം അനുവദിച്ച് പുതിയ ബാറ്ററി എത്തിച്ചെങ്കിലും കാടുവെട്ട് നടക്കാത്തതിനാൽ ഫെൻസിംഗ് പ്രവർത്തിപ്പിക്കാനായിട്ടില്ല.
അടിയന്തിരമായി തൊഴിലുറപ്പു തൊഴിലാളികളെവെച്ച് കാട് വെട്ടി തെളിയിച്ച് ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.
ആനഭീഷണിയിൽ നിന്നും ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകണമെന്നും ഇതിനായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും കിഫ ( കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ) പാലക്കുഴി യൂണിറ്റ് ആവശ്യപ്പെട്ടു.