വെള്ളിനേഴിയെത്തേടി സ്വരാജ് ട്രോഫി എത്തുന്നത് ആറാംതവണ
1515660
Wednesday, February 19, 2025 6:24 AM IST
ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് പുരസ്കാരത്തുടർച്ച. മികച്ച പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി ആറാം തവണയും ഗ്രാമപഞ്ചായത്തിന്റെ അലമാരയിലെത്തി. ജില്ലയിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കി.
2023-24 വർഷത്തെ മികവാർന്നതും ചിട്ടയുമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിനു അർഹമാക്കിയത്. സമ്പൂർണ കുടിവെള്ളം, മാലിന്യമുക്ത ഗ്രാമം, തരിശുരഹിത പഞ്ചായത്ത്, ജൈവഗ്രാമം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, എല്ലാ വീട്ടുപടിക്കലേക്കും റോഡ്, ആശുപത്രികളുടെ നവീകരണം, വിദ്യാലയങ്ങളുടെ നവീകരണം തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിച്ചതു നേട്ടമായി. ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ ലക്ഷ്യബോധത്തോടെയും അർപ്പണ മനോഭാവത്തോടെയുമുള്ള പ്രവർത്തനമാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നു ഭരണ സമിതി അവകാശപ്പെട്ടു.
2023-24 വർഷത്തിൽ ഗ്രാമപഞ്ചായത്ത് നൂറുശതമാനം നികുതി പിരിക്കാനും നൂറുശതമാനം പദ്ധതി നിർവഹണം നടത്താനും പഞ്ചായത്തിനായി. സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതും ഹരിതകർമസേനയുടെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കിയതുമെല്ലാം പുരസ്കാര നേട്ടത്തിനു തുണയായി. വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിൽ മികച്ചനേട്ടവും കൈവരിക്കാനായി.
വെള്ളിനേഴിയെ പൈതൃക ഗ്രാമമാക്കി ഉയർത്തിയത് എടുത്തുപറയത്തക്ക നേട്ടമായി. റൂറൽ ആർട് ഹബ്ബിന്റെ ഭാഗമായി കഥകളികോപ്പ് പരിശീലന കേന്ദ്രം വെള്ളിനേഴിയിൽ ആരംഭിച്ചതും മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു. വൈവിധ്യമായ വികസന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ അഴിമതിരഹിതമായി നടത്തിയതിന്റെ അംഗീകാരമാണ് സ്വരാജ് ട്രോഫിയിലൂടെ നേടിയിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. ജയലക്ഷ്മി പറഞ്ഞു.
തുടർച്ചയായി മൂന്നാംതവണയും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനു മഹാത്മാ പുരസ്കാരം
അഗളി: 2023-24 സാമ്പത്തിക വർഷത്തെ മഹാത്മാ പുരസ്കാരം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ13,502 കുടുംബങ്ങൾക്കായി 14,58,075 തൊഴിൽ ദിനങ്ങൾ അനുവദിച്ചുകൊണ്ട് 52 കോടി 78 ലക്ഷം രൂപ ചിലവഴിക്കുന്നതിന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു.
ഇതിലൂടെ ഒരു കുടുംബത്തിന് ശരാശരി 107.99 തൊഴിൽ ദിനങ്ങൾ ലഭിക്കുകയുണ്ടായി. 8,500 കുടുംബങ്ങൾക്ക് 100 ദിവസത്തേയും 5,657 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് ട്രൈബൽ പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 ദിവസത്തിൽ അധികവും 820 പട്ടികവർഗ കുടുംബങ്ങൾക്ക് 200 ദിവസവും തൊഴിൽ ദിനങ്ങൾ ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ പുരസ്കാരം നേടുന്നത്.