ദീപ്തി ബ്രെയിൽ ലിറ്ററസി പദ്ധതിക്ക് ജില്ലയിൽ തുടക്കം
1515867
Thursday, February 20, 2025 2:04 AM IST
പാലക്കാട്: കാഴ്ചപരിമിതി നേരിടുന്നവരെ ബ്രെയിൽ ലിപിയിൽ സാക്ഷരരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക ലക്ഷ്യവുമായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ദീപ്തി ബ്രെയിൽ ലിറ്ററസി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
കാഴ്ചപരിമിതി നേരിടുന്നവരെ അക്ഷരലോകത്ത് എത്തിക്കുന്നതിനു സംസ്ഥാന സാക്ഷരതാ മിഷൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയിൽ 248 പേർ ഇതിനോടകം പഠിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ നൂറുപേർക്ക് ആദ്യഘട്ടത്തിൽ ക്ലാസുകൾ നൽകാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി പത്താംതരം വിദ്യാഭ്യാസവും ബ്രെയിൽ ലിപിയിൽ പ്രാവീണ്യവുമുളളവരെ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ സംഘടനയുടെ സഹകരണത്തോടെ കണ്ടെത്തുകയും ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു.
ഇൻസ്ട്രക്ടർമാർക്കു പരിശീലനവും പൂർത്തിയായിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ ഓഫീസിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പട്ടാന്പി, ശ്രീക്യഷ്ണപുരം, ആലത്തൂർ എന്നീ കേന്ദ്രങ്ങളിലും ക്ലാസുകൾ ഉടൻ തുടങ്ങും.