നെല്ലിയാമ്പതിയിൽ കിണറ്റിൽവീണ പുലിയെ പറമ്പിക്കുളം മേഖലയിൽ തുറന്നുവിട്ടു
1516143
Friday, February 21, 2025 1:19 AM IST
നെല്ലിയാമ്പതി: കിണറ്റിൽവീണ പുലിയെ പറമ്പിക്കുളം വനമേഖലയിൽ തുറന്നുവിട്ടു. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ പുലിയമ്പാറയിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് വീട്ടുകാർ പുലിയെ കണ്ടത്. പ്രദേശവാസികൾ വനം, പോലീസ്, ജനപ്രതിനിധികൾ എന്നിവരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംജീവനക്കാരുടെ നേതൃത്വത്തിൽ പുലിയെ 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് പുറത്തെത്തിക്കാൻ ഏണി ഉപയോഗിച്ചെങ്കിലും കൂടുതൽ വെള്ളം ഉള്ളതിനാൽ വിജയിച്ചില്ല.
കയറുകൾ കെട്ടിയ ടയർ ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിൽ കിണറിലേക്ക് തന്നെ വീഴുകയായിരുന്നു. തുടർന്ന് പോത്തുണ്ടിയിൽ നിന്ന് കിണറ്റിൽ കൊള്ളാവുന്ന ചെറിയ കൂട് എത്തിച്ച് കയർകെട്ടി കിണറ്റിൽ ഇറക്കി രാത്രി 12.15 ഓടെ കൂട്ടിലാക്കുകയായിരുന്നു. രാത്രി ആറുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെടുക്കാനായത്.
കെ. ബാബു എംഎൽഎയും സ്ഥലത്തെത്തി. നെന്മാറ നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ഷെറീഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, മറ്റ് വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനംവകുപ്പിന്റെ മൃഗഡോക്ടർ ഡേവിഡ് എബ്രഹാം രാത്രി സ്ഥലത്തെത്തി പുലി ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ പുലർച്ചെ നെല്ലിയാമ്പതി പറമ്പിക്കുളം വനമേഖല അതിരുവിടുന്ന തുത്തൻപാറയ്ക്ക് അപ്പുറം പറമ്പിക്കുളം വനമേഖലയിൽ പുലിയെ തുറന്നു വിട്ടു.
വൈകുന്നേരം വീട്ടുകാർ കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് പുലി കിണറിൽ വീണ കാര്യം അറിയുന്നത്. കിണറ്റിൽ ഇറക്കിയ മോട്ടോറിന്റെ പൈപ്പുകളും മറ്റും പുലി കടിച്ചു മുറിച്ച നിലയിലായിരുന്നു.
കിണറ്റിൽവീണ പുലിയെ കൂടാതെ കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലും നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം മൈൽ പ്രദേശത്ത് പകൽസമയത്ത് പുലിയെ വാഹനയാത്രികൾ കണ്ടിരുന്നു. കാറിലും ജീപ്പിലും സഞ്ചരിച്ചിരുന്നവർ വീഡിയോ ദൃശ്യങ്ങൾ പകർത്തിയെങ്കിലും പുലി സാവകാശമാണ് റോഡിൽ നിന്ന് നടന്നുനീങ്ങിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കേശവൻപാറ എവിടി ഫാക്ടറിക്ക് സമീപമുള്ള തേനിപ്പാടിയിൽ കാട്ടാനക്കൂട്ടം പകൽസമയത്ത് എത്തിയതും പാടിയിൽ ഉള്ളവരെ ഭീതിയിലാക്കി. വൈകുന്നേരത്തോടെ പാടികൾക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം തേയില ചെടികൾക്കും പാടികൾക്ക് സമീപമുള്ള പ്ലാവുകളിലും തീറ്റതേടി.
രാത്രി വൈകിയും വീടുകൾക്ക് സമീപം തന്നെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വീട്ടുകാർ ബഹളംവെച്ചിട്ടും അവിടെനിന്ന് മാറാൻ തയ്യാറായില്ല. ബഹളം വെച്ചിട്ടും കാട്ടാനക്കൂട്ടം പാടികൾക്ക് സമീപത്തുനിന്ന് പിന്തിരിയാത്തതിനെ തുടർന്ന് ഭീതിയിലായ തൊഴിലാളികൾ രാത്രി വീടുകളിലെ ലൈറ്റുകളും മറ്റും തെളിച്ച് ശബ്ദം ഉണ്ടാക്കി സുരക്ഷയ്ക്കായി കാവൽ ഇരിക്കുകയായിരുന്നു.