രാമർകൂത്ത് നൃത്തനാടകം, ശില്പശാല തുടങ്ങി
1516145
Friday, February 21, 2025 1:19 AM IST
അഗളി: പാലക്കാടൻ ആദിവാസി ഗ്രാമങ്ങളിൽ ഏറെ പ്രചാരം ഉണ്ടായിരുന്നതും ഇന്ന് നാശോന്മമുഖമായിരിക്കുന്നതുമായ രാമർകൂത്ത് എന്ന ആദിവാസി നൃത്തനാടകത്തിന് പുനർജീവൻ നൽകുന്നു. എ.പി.ജെ. അബ്ദുൾ കലാം ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ ഫോക്ലാൻഡ് അന്തർദേശീയ നാടൻകലാ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ 9 ദിവസത്തെ ശില്പശാലക്ക് തുടക്കമായി.
ഇരുള സമുദായത്തിന്റെ അനുഷ്ഠാനകലയായി കണക്കാക്കുന്ന രാമർകൂത്ത് അവതരിപ്പിക്കാൻ ഇന്ന് കലാകാരന്മാർ കുറഞ്ഞതും ആറ് മുതൽ എട്ടു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നാടകം കാണാൻ ആളില്ലാതാവുകയും ചെയ്തതോടെയാണ് രാമർ കൂത്ത് എന്ന കലാരൂപം ഇല്ലാതായത്. തഞ്ചാവൂരിലെ നാടക സംവിധായകൻ മുതിരി വിജയകുമാറിന്റെ ശിക്ഷണത്തിലാണ് ആദിവാസി നാടകം പുനർജനിക്കുന്നത്.
അറിയാവുന്ന കലാകാരന്മാരെ തെരഞ്ഞുപിടിച്ച് പാട്ടുകൾ ശേഖരിച്ച് ജീവിച്ചിരിക്കുന്ന ഗുരുക്കന്മാരുടെ സഹായത്തോടെയാണ് കലാരൂപത്തിന് പുനർജീവൻ നൽകുന്നത്. ഊത്തുകുഴി ഊരിലെ 85 വയസുകാരനായ പൊന്നനാണ് ഗുരു. ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും പ്രായം കൂടിയ കലാകാരനാണ് പൊന്നൻ. ഇരുള വിഭാഗക്കാരായ കാരമട, ചന്ദ്രൻ, രാമർ, ലക്ഷ്മണൻ, വിനോദ്, ബാലൻ, വെള്ളിയങ്കരി, കാരമട, ജഡയൻ, ഗിരി, കാളിയപ്പൻ, എന്നിവർക്ക് പുറമേ ഹാർമോണിയം-ചാമി, ജാൽറ-പൊന്നൻ, കാരമട നഞ്ചൻ-മദ്ദളം.
സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് ജോർജിന്റെ അധ്യക്ഷതയിൽ ഫോക്ക് ലാൻഡ് ചെയർമാൻ ഡോ. വി. വിജയരാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഉമ പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായകൻ ഉതിരി വിജയകുമാർ പദ്ധതി വിശദീകരണം നടത്തി.