വികസനത്തിന്റെ പച്ചവെളിച്ചംതേടി പട്ടാമ്പി റെയിൽവേ സ്റ്റേഷൻ
1515868
Thursday, February 20, 2025 2:04 AM IST
ഷൊർണൂർ: വികസനംതേടി പട്ടാമ്പി റയിൽവേ സ്റ്റേഷൻ. നിത്യേന രണ്ടായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണിത്.
വരുമാനം നിത്യേന രണ്ടുലക്ഷവും. 162 വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഷനോട് റെയിൽവേ ഭരണകൂടം കടുത്ത അവഗണനയാണു കാണിക്കുന്നത്. കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും ഇനിയും സാധിച്ചിട്ടില്ല.
കുറ്റിപ്പുറം- പട്ടാമ്പി- ഷൊർണൂർ റെയിൽപ്പാത ഇരട്ടിപ്പിച്ചാൽ പട്ടാമ്പിയിൽ കൂടുതൽ എക്സ്പ്രസ് വണ്ടികൾ നിർത്തുമെന്നു അന്നത്തെ റെയിൽവേ ജനറൽ മാനേജർ ജനപ്രതിനിധികൾക്കും വ്യാപാരികൾക്കും ഉറപ്പുനൽകിയിരുന്നെങ്കിലും നടപ്പായില്ല.
ടൈംടേബിൾ കമ്മിറ്റി ശുപാർശ ചെയ്ത വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് എന്നിവയ്ക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചുമില്ല.
എറണാകുളം- കണ്ണൂർ ഇർസിറ്റി എക്സ്പ്രസിനു സ്റ്റോപ്പ് വന്നെങ്കിലും കോയമ്പത്തൂർ- മംഗലാപുരം ഇന്റർസിറ്റിക്ക് ഇനിയും സ്റ്റോപ്പ് അനുവദിച്ചില്ല. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഏറ്റവും അടുത്തുള്ള സ്റ്റേഷനാണു പട്ടാമ്പി. ഭാരതപ്പുഴയിൽ കുറ്റിപ്പുറത്തും പട്ടാമ്പിയിലും പാലങ്ങൾ വരുന്നതിനുമുൻപ് കാസർകോടുമുതൽ പാലക്കാടുവരെയുള്ള ജില്ലകളിൽനിന്ന് ഗുരുവായൂർക്കുള്ള യാത്രക്കാർ പട്ടാമ്പിയിൽ തീവണ്ടിയിറങ്ങി ഭാരതപ്പുഴയിലെ കടത്തുകടന്നാണ് ബസിൽ പോയിരുന്നത്.
ഇപ്പാഴും ഏറെ യാത്രക്കാർ പട്ടാമ്പിയിൽ തീവണ്ടിയിറങ്ങി ബസിൽ ഗുരുവായൂർക്കു പോകുന്നുണ്ട്. ബസ് സർവീസുകൾ ഏറെയുണ്ടുതാനും. യാത്രാസമയം ഒരു മണിക്കൂറും. എന്നാൽ, പല വണ്ടികൾക്കും സ്റ്റോപ്പില്ലാത്തതുകാരണം ഈ സൗകര്യം പ്രയോജനപ്പെടുന്നില്ല.
തൃശൂർ ജില്ലയിലെ കുന്ദംകുളം, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നുള്ളവരും തദ്ദേശീയരും പട്ടാമ്പി സ്റ്റേഷനിൽ യാത്രികരായി എത്തുന്നുണ്ട്. വിദ്യാർഥികളായ യാത്രക്കാരുമുണ്ട്.
വനിതകൾക്കു കിട്ടേണ്ട പരിഗണനയും പട്ടാമ്പിയിലില്ല. അവർക്കായി സ്വന്തമായി കാത്തിരിപ്പുകേന്ദ്രമില്ല.
മുലയൂട്ടാനടക്കം അമ്മമാർക്കു സൗകര്യമില്ല. ശുചിമുറികളും പരിമിതമാണ്.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് പട്ടാമ്പി റെയിൽവേ സ്റ്റേഷൻ നവീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.