സർക്കാർ വകുപ്പുകളുടെ പുറമ്പോക്കുഭൂമി കൈയേറി മറിച്ചുവില്പന തകൃതി
1516154
Friday, February 21, 2025 1:19 AM IST
മംഗലംഡാം: വിവിധ വകുപ്പുകളുടെ കീഴിലുള്ള പുറമ്പോക്കുഭൂമി കൈയേറി മറിച്ചുവില്പന തകൃതി. കൺമുന്നിൽ ഭൂമി ഇടപാടു നടക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ ഇത്തരം അനധികൃത ഇടപാടുകൾക്ക് കൂട്ടുനിൽക്കുകയാണെന്നാണ് ആക്ഷേപം.
കൈയേറുന്ന ഭൂമി ദിവസവാടകയ്ക്കും മാസവാടകയ്ക്കും നൽകി പണം കൊയ്യുന്നവരുമുണ്ട്. പരസ്യമായ കൈയേറ്റമാണെങ്കിലും പലപ്പോഴും നടപടിയുണ്ടാവുന്നില്ലെന്ന ആരോപണമാണുയരുന്നത്. സ്റ്റോപ്പ് മെമ്മോ നൽകിയ ഭൂമി പിന്നീട് അധികൃത ഭൂമിയാക്കുന്ന തന്ത്രങ്ങളും നടക്കുന്നുണ്ട്.
അതിർത്തിക്കല്ലുകളെല്ലാം മാറ്റിയും പിഴുതെറിഞ്ഞുമുള്ള കൈയേറ്റങ്ങളാണ് തുടരുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കനാൽ പുറമ്പോക്കിലാണ് സ്വകാര്യ വ്യക്തികളുടെ കൈയേറ്റം കൂടുതലുള്ളത്. കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞപ്പോൾ പലയിടത്തും കനാലുകൾ ഇല്ലാതായി. പുറമ്പോക്കിൽ ആദ്യം ചെറിയ കൃഷികൾ തുടങ്ങും. കാലക്രമേണ അത് അവരുടെ സ്വന്തമാകും. ആവശ്യക്കാർ വന്നാൽ പിന്നെ സർക്കാർ ഭൂമിയുടെ വില്പനയെല്ലാം കൈവശക്കാരാണു നടത്തുന്നത്.
കനാൽമൂടി റോഡുനിർമാണവും പലയിടത്തും നടക്കുന്നുണ്ട്. വകുപ്പുമന്ത്രിമാർക്ക് പരാതി നൽകിയിട്ടും പരിശോധന പോലുമില്ലെന്ന ആക്ഷേപം ശക്തമാണ്.