നെന്മാറ- ഒലിപ്പാറ റോഡ് നിർമാണവും നാട്ടുകാരുടെ ദുരിതവും തീരുന്നില്ല...
1516151
Friday, February 21, 2025 1:19 AM IST
നെന്മാറ: പതിനാറരക്കോടി ചെലവിൽ നെന്മാറ- അടിപ്പെരണ്ട- ഒലിപ്പാറ റോഡ് നവീകരണ നടപടികൾ തുടങ്ങി വർഷം രണ്ടുകഴിഞ്ഞിട്ടും പണിപൂർത്തിയായില്ല.
നെന്മാറ- അയിലൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പ്രധാനപാതയുടെ നവീകരണ പ്രവർത്തനങ്ങളാണ് വർഷങ്ങളായി നീങ്ങാതെ കിടക്കുന്നത്. നിർമാണ പ്രവർത്തി ടെൻഡർ നടപടികൾ ആരംഭിച്ചതുമുതൽ കുഴിയടയ്ക്കൽ പോലും ഇല്ലാതായതോടെ പ്രദേശവാസികളുടെ യാത്രാദുരിതവും വർധിച്ചു.
ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ ജോലിയാണ് രണ്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയാവാത്തത്. കേന്ദ്ര സര്‍ക്കാറിന്റെ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചർ ഫണ്ടിലുള്‍പ്പെടുത്തിയാണ് നവീകരണം.
16.5 കോടി രൂപയാണ് നവീകരിക്കുന്നതിന് അനുവദിച്ചെങ്കിലും വർഷങ്ങൾ നീണ്ടതോടെ എസ്റ്റിമേറ്റ് സംഖ്യയും വർധിപ്പിച്ചു. ഊരാളുങ്കൽ നിർമാണ കമ്പനിക്കാണ് കരാർ നൽകിയതെങ്കിലും അവർ ഓരോ പ്രവർത്തികളും അവർക്ക് കീഴിൽ വിവിധ നിർമ്മാണ കമ്പനികൾക്ക് സബ് കോൺട്രാക്ട് നൽകിയാണ് ഭാഗികമായുള്ള പണികൾ നടക്കുന്നത്. നിർമാണ പ്രവൃത്തികൾ ഭാഗികമായി ചെയ്തയിടങ്ങളിൽ മണ്ണും ചളിയും റോഡിൽ കിടക്കുന്നതിനാൽ യാത്രികരെല്ലാം ദുരിതത്തിലാണ്. റോഡിനു സമീപത്തെ വീടുകളിൽ രാപകൽ ഭേദമില്ലാതെ പൊടിയും ചളിയും നിറയുന്നതും ദുരിതമായി മാറിയിട്ടുണ്ട്. പൊടിശല്യത്തിനെങ്കിലും അടിയന്തിര പരിഹാരം വേണമെന്ന ആവശ്യവും നടപ്പാകുന്നില്ല. പലയിടത്തും കലുങ്കുകളുടെ നിരപ്പുവ്യത്യാസം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
35 കിലോമീറ്റർ വേഗതയിൽപോലും പലയിടത്തും സഞ്ചരിക്കാനാകില്ല. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണകുഴലുകള്‍ സ്ഥാപിക്കുന്നതിന് പാതയുടെ മിക്ക ഭാഗങ്ങളും പൊളിച്ചുവെങ്കിലും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല.
ഈ റോഡിലൂടെ ഇരുവശത്തേക്കുമായി നാല്പതോളം ട്രിപ്പുകളായി ബസുകൾ സർവീസ് നടത്തുന്നുണ്ട്. വാഹന കേടുപാടുകൾ മൂലം ട്രിപ്പ് മുടങ്ങുന്നതും പതിവാകുന്നു.
റോഡ് പണി നീളുന്നതിനാൽ അയിലൂർ, തിരുവഴിയാട്, കയറാടി, ഒലിപ്പാറ, മംഗം ഡാം നെന്മാറ, വണ്ടാഴി, വടക്കഞ്ചേരി, പല്ലാവൂർ, പോത്തുണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സ്കൂൾ ബസുകളും മറ്റു ചെറു സ്വകാര്യ വാഹനങ്ങളുമെല്ലാം ദുരിതത്തിലാണ്.
നെന്മാറ, വടക്കഞ്ചേരി ഭാഗത്തേക്ക് പൂവച്ചോട് നിന്നും കരിമ്പാറ വഴിയും, ഒലിപ്പാറ മംഗലം ഡാം, പയ്യാങ്കോട് കാന്തളം വണ്ടാഴി ഭാഗങ്ങളിലേക്കുള്ള റോഡുകൾ വഴിയുമാണ് അധിക ദൂരം യാത്ര ചെയ്തു വാഹനങ്ങളെ കേടുപാടുകളിൽനിന്ന് സംരക്ഷിച്ചുവരുന്നത്.