വേനൽ കനത്തു ; റബർതോട്ടങ്ങളിൽ ചൂട്, തീപിടിത്ത പ്രതിരോധ പ്രവർത്തനങ്ങൾ സജീവം
1515676
Wednesday, February 19, 2025 6:24 AM IST
നെന്മാറ: വേനൽ കനത്തതോടെ റബർതോട്ടങ്ങളിൽ ചൂടും തീപിടിത്തവുംമൂലം ഉണ്ടാകുന്ന നാശം ഒഴിവാക്കാനായി പ്രതിരോധ നടപടികൾ ആരംഭിച്ചു. സ്വാഭാവിക ഇലകൊഴിച്ചിലിനെ തുടർന്ന് കരിയില വീണുകിടക്കുന്ന തോട്ടങ്ങളിൽ തീപിടിത്തം ഒഴിവാക്കുന്നതിനായി പവർ സ്പ്രേകളും ബ്ലോവറുകളും ഉപയോഗിച്ച് ഫയർ ലൈനുകൾ നിർമാണം ആരംഭിച്ചു.
വെട്ടുപട്ടകളിൽ വെയിൽതട്ടി ഉണക്കും പൊള്ളലും ഒഴിവാക്കുന്നതിനായി ചൈന ക്ലെ, ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ച് വെള്ള പൂശി തുടങ്ങി. പുതുതായി വച്ചതും രണ്ടും മൂന്നും വർഷം പ്രായമായ റബ്ബർ തൈകൾ ഉണക്കിൽ നിന്ന് രക്ഷിക്കാനും വേനൽ പ്രതിരോധിക്കുന്നതിനുമായി തവിട്ടു നിറത്തിലുള്ള തടി ഭാഗത്ത് ചൈനക്ലേ, ചുണ്ണാമ്പ്, തുരിശ് എന്നിവ തേക്കുന്ന പ്രവൃത്തികളും പുല്ല്, ഓല, വൈക്കോൽ എന്നിവ ഉപയോഗിച്ച് തൈകളിൽ തെക്കൻ വെയിൽ അടിക്കുന്നത് ഒഴിവാക്കുന്നതിനായി കുടിൽകെട്ടുന്ന പണികളും റബർമേഖലയിൽ സജീവമായി നടക്കുന്നു.

തൈകൾക്ക് ചുവട്ടിൽ മണ്ണ് ചൂടുപിടിക്കുന്നത് കുറയ്ക്കുന്നതിനായി അമിതമായി വളർന്ന ആവരണവിളകൾ വെട്ടിയും ചപ്പുചവറുകൾ കൂട്ടിയിട്ടും പുതയിടുന്ന ജോലികളും തകൃതിയായി നടക്കുന്നു.
മഴ ഒഴിവായി ഒന്നരമാസം പിന്നിട്ടതോടെ തോട്ടംമേഖലകളിൽ ചൂട് ശക്തമായി. തെങ്ങ്, കമുക് തോട്ടങ്ങൾ പോലെ ഇടവിളകളോ നനയ്ക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്ത മലയോര മേഖലകളിലെ റബർ തോട്ടങ്ങളിലാണ് ചൂട് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായത്. ഇടയ്ക്ക് വേനൽമഴ ലഭിച്ചില്ലെങ്കിൽ പ്രായം കുറഞ്ഞ റബർ തൈകൾക്ക് വേനൽചൂട് കനത്ത ആഘാതം ഉണ്ടാക്കുമെന്നും കർഷകർ പറഞ്ഞു.
ഒലിപ്പാറ, കൽച്ചാടി, കരിമ്പാറ, കൈതച്ചിറ, പാലമുക്ക്, കൊടികരിമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് റബർ തോട്ടങ്ങളിൽ വേനൽ സംരക്ഷണ പ്രവർത്തനങ്ങൾ സജീവമായത്.
റബർ മരങ്ങളിൽ ഇലകൊഴിച്ചിലും അമിതചൂടും മൂലം റബർ ഉത്പാദനം മൂന്നിലൊന്നായി ചുരുങ്ങി. ഇല കൊഴിഞ്ഞതിനുശേഷം പുതുതായി വരുന്ന തളിരുകൾ മൂപ്പ് എത്തിയാൽ ഉത്പാദനം പഴയനിലയിലാവുമെന്ന പ്രതീക്ഷയിൽ ചില കർഷകർ റബർ ടാപ്പിംഗ് തുടരുന്നുണ്ട്.
തൈമരങ്ങളിൽ ടാപ്പിംഗ് ആരംഭിച്ച തോട്ടങ്ങളിൽ റബർ ടാപ്പിംഗ് അവസാനിപ്പിച്ചു. സീസൺ അവസാനിക്കാറായിട്ടും റബർവില 200 ലേക്ക് എത്തിയില്ലെന്ന് കർഷകർ പറഞ്ഞു.