അങ്കണവാടികളിൽ എത്താൻ കഴിയാത്ത കുട്ടികൾക്കു പോഷകാഹാരം നേരിട്ട് എത്തിക്കണം: ഭക്ഷ്യസുരക്ഷാ കമ്മീഷൻ
1515670
Wednesday, February 19, 2025 6:24 AM IST
പാലക്കാട്: അങ്കണവാടികളിൽ എത്തിച്ചേരാൻ കഴിയാത്ത ജില്ലയിലെ ഗോത്രവർഗ ഉന്നതികളിൽ നിന്നുള്ള കുട്ടികൾക്ക് പോഷകാഹാരം നേരിട്ട് എത്തിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ചെയർപേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മൻ.
സ്കൂളുകളിൽ ബാക്കി വരുന്ന ഉച്ചഭക്ഷണ അരി അർഹരായ കുട്ടികൾക്ക് സ്പെഷൽ അരിയായി വിതരണം ചെയ്യുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകൾ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാർക്കും അർഹമായ എല്ലാ ഭക്ഷ്യവസ്തുക്കളും റേഷൻ കടകളിലൂടെയും അങ്കണവാടികളിലൂടെയും ലഭിക്കുന്നതായി ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ്, പട്ടിക വർഗ, മാതൃ ശിശു സംരക്ഷണ വകുപ്പുകൾക്ക് നിർദേശം നൽകി. എഡിഎം മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നിർവഹണ പുരോഗതി നേരിൽ കണ്ട് വിലയിരുത്തുന്നതിനായി പാറക്കുന്ന് ഗവ. എൽപിഎസിൽ കമ്മീഷൻ സന്ദർശനം നടത്തി.