പാലക്കാട്- പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയിൽ പാസഞ്ചർ ട്രെയിനുവേണ്ടി കാത്തിരിപ്പ്
1515667
Wednesday, February 19, 2025 6:24 AM IST
വണ്ടിത്താവളം: ബ്രോഡ്ഗേജ് നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പാലക്കാട്- പൊള്ളാച്ചിപാതയിൽ മുൻകാലങ്ങളിൽ ഓടിയിരുന്ന പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്ന ജനാവശ്യം ശക്തമാകുന്നു. മീറ്റർഗേജ് ലൈനുണ്ടായിരുന്നപ്പോൾ പാലക്കാട്- രാമേശ്വരം റൂട്ടിൽ ആറു പെയർ പാസഞ്ചർ ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്.
മുതലമട, പട്ടഞ്ചേരി, പെരുമാട്ടി, കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം പഞ്ചായത്ത് പ്രദേശങ്ങളിലെ ആയിരക്കണക്കിനു യാത്രക്കാർക്കു തുച്ഛമായ നിരക്കിൽ യാത്രാസൗകര്യവുണ്ടായിരുന്നു. പാലക്കാട്ടുനിന്നും രാമേശ്വരത്തേക്ക് 50 രൂപയായിരുന്നു യാത്രാനിരക്ക്. ഇതിനാൽ പഴനി, മധുര, ഏർവാടി ഉൾപ്പെടെ സ്ഥലങ്ങളിലേക്കു യാത്രക്കാരും കൂടുതലായിരുന്നു.
പാത ബ്രോഡ്ഗേജാക്കി മാറ്റുന്നതോടെ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ബ്രോഡ്ഗേജ് നിർമാണവും ലൈൻ വൈദ്യുതീകരണവും പൂർത്തിയാക്കിയിട്ടും ഒന്നുമുണ്ടായില്ല.
ഇതുവഴിയുള്ള തിരുച്ചെന്തൂർ- പാലക്കാട് മാത്രമാണ് ഏക പാസഞ്ചർ ട്രെയിൻ. ഈ ട്രെയിൻ എല്ലാ സ്റ്റേഷനുകളിലും നിർത്താറുണ്ടെന്നതിനാൽ യാത്രക്കാരുടെ തിരക്കുമുണ്ട്. പുലർച്ചെ അഞ്ചരക്കു പാലക്കാട്ടുനിന്ന് പുറപ്പെട്ടാൽ രാത്രി എട്ടിനു ശേഷമാണ് തിരിച്ചുവരുന്നത്.
കൊല്ലങ്കോട്ടുമാത്രം സ്റ്റോപ്പുള്ള അമുത എക്സ്പ്രസും, പാലക്കാട്ടുനിന്നും പൊള്ളാച്ചിക്കിടയിൽ സ്റ്റോപ്പികളില്ലാതെ ഓടുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റുമാണ് ഈ റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്നത്.
850 കോടിയിലധികം ചെലവഴിച്ചാണ് പാലക്കാട് - പൊള്ളാച്ചി പാതനവീകരണം നടത്തിയത്. മുൻകാല പാസഞ്ചർ ട്രെയിൻ ഓടിക്കുന്നില്ലെങ്കിൽ പിന്നീട് നവീകരണം എന്തിനായിരുന്നു എന്ന യാത്രക്കാരുടെ ചോദ്യത്തിനു റെയിൽവേ അധികൃതർ മറുപടി നൽകുന്നുമില്ല.