കുരുമുളക് പറിക്കുന്നതിനിടെ താങ്ങുതടി ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
1515420
Tuesday, February 18, 2025 11:01 PM IST
മംഗലംഡാം: കവിളുപ്പാറ മലഞ്ചെരിവിലെ തോട്ടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ താങ്ങുതടി കടയോടെ ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് നാമക്കൽ കൊള്ളിമല തിരുപ്പുള്ളിനാട് സ്വദേശി മുരുകൻ(50) ആണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കുരുമുളകിന്റെ താങ്ങുമരത്തിൽ ഏണി വച്ചുകെട്ടി മുളകുപറിക്കുന്നതിനിടെ അടിഭാഗം ദ്രവിച്ചു നിന്നിരുന്ന മരം ഉൾപ്പെടെ ഒടിഞ്ഞു വീഴുകയായിരുന്നു.
ഭാര്യ പൂങ്കൊടിയും ബന്ധുക്കളും ചേർന്ന് ഗുരുതരമായി പരിക്കേറ്റ മുരുകനെ വാഹനം എത്തുന്ന വഴിയിലെത്തിച്ച് അവിടെ നിന്ന് ജീപ്പിൽ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മംഗലംഡാം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മുളക് പറിക്കുന്ന സീസണിൽ തമിഴ്നാട്ടിൽ നിന്ന് കുടുംബസമേതം മംഗലംഡാമിലെ മലയോരത്തെത്തുന്നവരാണ് മുരുകന്റേതുൾപ്പെടെയുള്ള കുടുംബങ്ങൾ. ഇവർ മലയിലെ തോട്ടങ്ങളിൽ തന്നെയാണ് താമസിക്കുക. സീസൺ കഴിഞ്ഞാൽ ഇവർ തിരിച്ചു പോകും.