വണ്ടാഴിയിൽ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്
1516148
Friday, February 21, 2025 1:19 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്ത് ഓഫീസിനു സമീപം വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. വാൻ ഡ്രൈവർ ചിറ്റടി വള്ളിക്കാട്ട്കുടിയിൽ തോമസ് (63), ഓട്ടോറിക്ഷാ യാത്രക്കാരായ തോണിപ്പാടം സ്വദേശി ആമിനക്കുട്ടി (62), മരുമകൾ സൈനബ (40), ബന്ധുക്കളായ ബിൻഷാ (അഞ്ച്) ഇഷാൻ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മുടപ്പല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന വാൻ എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു.
വാൻ ഓടിച്ച തോമസിന്റെ മൊബൈൽ ഫോൺ കത്തിയ നിലയിലായിരുന്നു. മൊബൈലിൽ സ്പാർക്ക് ഉണ്ടായപ്പോൾ ശ്രദ്ധ പോയതോടെ നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന് വാനിൽ അകപ്പെട്ട തോമസിനെ വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തോമസിനെ വള്ളിയോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.