ലീഗിനും യുഡിഎഫ് ഭരണസമിതിക്കും എതിരല്ല: യൂത്ത് കോൺഗ്രസ്
1515200
Tuesday, February 18, 2025 1:27 AM IST
മണ്ണാർക്കാട്: തച്ചനാട്ടുകരയിൽ യൂത്ത്കോൺഗ്രസ് യുഡിഎഫിനോ മുസ്ലിംലീഗിനോ പഞ്ചായത്ത് ഭരണസമിതിക്കോ എതിരല്ലെന്നു യൂത്ത് കോൺഗ്രസ് ഭാരവാഹികൾ മണ്ണാർക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തച്ചനാട്ടുകര ചോളോട് റോഡിന്റെ ദുരാവസ്ഥക്കെതിരെ പ്രദേശവാസികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് യൂത്ത് കോൺഗ്രസിന്റേതെന്നു നേതാക്കൾ പറഞ്ഞു.
ചോളോട് പ്രവർത്തിക്കുന്ന ക്രഷറിയിലേക്കുള്ള വാഹനങ്ങൾ അമിതഭാരംനിറച്ചു പോകുന്നതുകാരണം റോഡ് തകർന്നതിനാൽ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിൽ ഭാരനിയന്ത്രണ അറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നു പ്രദേശവാസികളുടെ ആവശ്യമാണ് യൂത്ത് കോൺഗ്രസ് ഏറ്റെടുത്തത്. കഴിഞ്ഞവർഷം ഏപ്രിൽ 17ന് ചേർന്ന ഭരണസമിതി യോഗം ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ഇതുവരെയും ബോർഡ് സ്ഥാപിക്കാൻ തയാറാവാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരേയാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. ഇതിനെ യൂത്ത് കോൺഗ്രസ്- യൂത്ത് ലീഗ് പോരായി ചിത്രീകരിക്കാൻ ചിലർ നടത്തുന്ന ശ്രമം തിരിച്ചറിയണം.
ക്രഷർ പ്രവർത്തിക്കുന്നതിന് തങ്ങൾ എതിരല്ല. അമിതഭാരം കയറ്റി റോഡ് തകരുന്നതിനെയാണ് എതിർക്കുന്നത്. പഞ്ചായത്ത് ഭരണസമിതിക്കോ മുസ്ലിം ലീഗിനോ എതിരെ ഒരു ആക്ഷേപവും എവിടെയും ഉന്നയിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
ഡിസിസി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതെന്നും ജില്ലാ സെക്രട്ടറി പി.ടി. അജ്മൽ, നിയോജകമണ്ഡലം സെക്രട്ടറി അമീൻ കുന്നനാത്ത്, മണ്ഡലം പ്രസിഡന്റ് ഭരതൻ വാഴക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.