പുലിപ്പേടിയിൽ വിറച്ച് കൈപ്പുറം, നെടുങ്ങോട്ടൂർ പ്രദേശവാസികൾ
1516155
Friday, February 21, 2025 1:19 AM IST
ഷൊർണൂർ: പുലിപ്പേടിയിൽ വിറച്ച് കൈപ്പുറം നെടുങ്ങോട്ടൂർ മേഖലകൾ. രണ്ടുപേർ പുലിയെ കണ്ടെന്ന് ഉറപ്പുപറഞ്ഞതോടെയാണ് ജനങ്ങളാകെ ഭീതിയിലായത്.
പുലിയെ കണ്ടെന്നുപറയുന്ന പ്രദേശങ്ങളിൽ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നിടത്താണ് കാമറകൾ സ്ഥാപിച്ചത്. നിലവിൽ പുലിയെന്നു കരുതുന്ന ജീവി സഞ്ചരിച്ച പ്രദേശങ്ങളോടു ചേർന്ന മരങ്ങളിലാണു കാമറ വച്ചിട്ടുള്ളത്.
കൈപ്പുറം, മൈലാടി, ആനേംകൊടി, നെടുങ്ങോട്ടൂർ, പറക്കല്ല്, വെള്ളാരംപാറ പ്രദേശങ്ങളിലാണു പുലിയുണ്ടെന്ന പ്രചാരണം ശക്തമായിട്ടുള്ളത്. പാമ്പുപിടിത്ത വിദഗ്ധൻ കൈപ്പുറം അബ്ബാസും നെടുങ്ങോട്ടൂർ പ്രദേശവാസിയുമാണു പുലിയെ കണ്ടെന്നു പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയായിരുന്നു പുലിയെ കണ്ടത്. വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരാണ്. പുലിയെ കണ്ടെന്നു പറയുന്ന രണ്ടു ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. പുലിയല്ല കാട്ടുപൂച്ചയാകാം എന്ന നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥർ. കണ്ടതു പുലിയാണെന്ന് ഉറച്ചു പറയുന്നതിനാൽ ജനങ്ങളുടെ ഭീതി ഇരട്ടിയായി. രണ്ടു കിലോമീറ്റർ വ്യാപ്തിയിൽ കിടക്കുന്ന പ്രദേശത്താണു പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയം ഉയർന്നിട്ടുള്ളത്.
മൃഗങ്ങളെ അപായപ്പെടുത്തുകയോ കാൽപ്പാടുകൾ പുലിയുടേതാണെന്നു വ്യക്തമാകുകയോ ചെയ്തിട്ടില്ല. എങ്കിലും ജനങ്ങളുടെ ആശങ്ക ഗൗരവമായി കാണുന്നുവെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു.