തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ പ്രൈമറി റെസ്പോൺസ് ടീം രൂപീകരിച്ചു
1515671
Wednesday, February 19, 2025 6:24 AM IST
മണ്ണാർക്കാട്: വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സാഹചര്യങ്ങളിൽ അവയെ പ്രതിരോധിച്ചു തിരികെ വനത്തിലേക്കു കയറ്റി പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കുക, അടിയന്തര ഘട്ടങ്ങളിൽ ആർആർടിയും വനപാലകരുമായി സഹകരിച്ചു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശീയരായ സന്നദ്ധസേവകരുടെ 15 അംഗ കരടിയോട് പ്രൈമറി റെസ്പോൺസ് ടീം കരടിയോട് രൂപീകരിച്ചു.
വന്യ-മനുഷ്യജീവി സംഘർഷം രൂക്ഷമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കരടിയോട്, ഇരട്ടവാരി അമ്പലപ്പാറ എന്നീ പ്രദേശങ്ങളാണ് സംഘത്തിന്റെ പ്രവർത്തനമേഖല. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം നൂറുൽ സലാമിന്റെ അധ്യക്ഷതയിൽ ഇന്ന് അമ്പലപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ ടീമിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദമാക്കി.
സൈലന്റ് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വിഷ്ണു, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ്, നീലിക്കൽ സെക്ഷൻ സ്റ്റാഫ്, സന്നദ്ധസംഘടന അംഗങ്ങൾ, കർഷകർ മുതലായവർ യോഗത്തിൽ സംബന്ധിച്ചു.