തെക്കേത്തറ വൃദ്ധ-വികലാംഗ സദനത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതി
1515199
Tuesday, February 18, 2025 1:27 AM IST
പാലക്കാട്: കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ തെക്കേത്തറയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധ -വികലാംഗ സദനത്തിന് പുതിയ പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി.
സാമൂഹ്യനീതി വകുപ്പ്, ജില്ലാബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് പഴയ കെട്ടിടത്തോടുചേർന്ന് 3.64 കോടി രൂപ ചെലവിലാണ് പുതിയകെട്ടിടം നിർമിക്കുക. പദ്ധതിക്ക് സർക്കാറിന്റെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കി എട്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ കെട്ടിടം നിർമിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് 2013- 14 സാന്പത്തിക വർഷത്തിൽ രണ്ടുകോടി അറുപത്തിഅഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് 20 ലക്ഷം, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 41 ലക്ഷം എന്നിങ്ങനെ വകയിരുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായിരുന്നതിനാൽ നിർമാണം മുടങ്ങുകയായിരുന്നു.