ജല അഥോറിറ്റി ഈടാക്കിയ അധികസംഖ്യ തിരിച്ചുനൽകാൻ വിധി
1515674
Wednesday, February 19, 2025 6:24 AM IST
ആലത്തൂർ: കേരള വാട്ടർ അഥോറിറ്റി ആലത്തൂർ സബ് ഡിവിഷൻ പരിധിയിലെ ആലത്തൂർ ഓഫീസ് ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ സംഖ്യയും നഷ്ടവും ചെലവും നൽകണമെന്ന പാലക്കാട് ജില്ലാ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ശരിവെച്ചു.
കിഴക്കഞ്ചേരി മൂലങ്കോട് മനക്കൽ റിട്ട. അധ്യാപിക വിശ്വഭാരതിക്ക് വേണ്ടി സഹോദരൻ എം.വി. ദയാനന്ദൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ 2019 ൽ നൽകിയ പരാതിയിൽ കമ്മീഷൻ 2022 ൽ നൽകിയ ഉത്തരവിനെ ചോദ്യം ചെയ്ത് വാട്ടർ അഥോറിറ്റി സംസ്ഥാന കമ്മീഷനിൽ സമർപ്പിച്ച അപ്പീലാണ് തള്ളിയത്.
വാട്ടർ കണക്ഷൻ വിഛേദിക്കാൻ അപേക്ഷ നൽകിയ വിശ്വഭാരതിക്ക് വർഷങ്ങൾക്ക് ശേഷം 22,804 രൂപ കുടിശിക കാണിച്ച് നോട്ടീസ് നൽകുകയും അതിന്റെ വിശദീകരണം ചോദിച്ചപ്പോൾ മറ്റൊരു കണക്ക് നൽകുകയും അതിൽ ഇളവ് ലഭിക്കാൻ അദാലത്തിൽ അപേക്ഷ നൽകി കാത്തിരിക്കവേ 71,786 രൂപക്ക് റവന്യു റിക്കവറി നടപടി സ്വീകരിക്കുകയും ചെയ്തു എന്നതാണ് പരാതി. ഇതിൽ പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ കണ്ടെത്തിയ അധികസംഖ്യ 35,593 രൂപ ഇടാക്കിയ ദിവസം മുതൽ 9 ശതമാനം പലിശ, മനോവിഷമത്തിന് നഷ്ടം 3000 രൂപ, ചിലവ് 2000 രൂപ എന്നിങ്ങനെ നൽകാനാണ് 2022 ജനുവരി 27 ന് ഉത്തരവിട്ടത്.