ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ തെറിപ്പിക്കാൻ ഭരണ, പ്രതിപക്ഷം ഒറ്റക്കെട്ട്
1515669
Wednesday, February 19, 2025 6:24 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഭരണ - പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ട്. സൂപ്രണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സർക്കാരിനെ സമീപിക്കും. കഴിഞ്ഞദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് നടപടിക്കായി സർക്കാരിന് കത്തുനൽകാൻ തീരുമാനിച്ചത്. ആശുപത്രി നടത്തിപ്പിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചാണ് നടപടിക്ക് ശുപാർശ ചെയ്യുന്നത്.
ഭരണകക്ഷിയായ സിപിഎം, പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, ബിജെപി കൗൺസിലർമാരുടെ ആവശ്യപ്രകാരമാണ് തീരുമാനം. സർക്കാരിനെ സമീപിക്കുന്നതിനൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതിനൽകാനും തീരുമാനമുണ്ട്. സിപിഎം കൗൺസിലർമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ആശുപത്രിയിൽ ഡാറ്റ എൻട്രി ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടെന്നാരോപിച്ചാണ് സൂപ്രണ്ടിനെ സ്ഥലംമാറ്റണമെന്നും നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് ബിജെപി കൗൺസിലർമാരും ഈ ആവശ്യവുമായി രംഗത്തെത്തി.
ആശുപത്രിയിലെ പ്രവർത്തനങ്ങൾ കൃത്യമല്ലെന്ന് നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അന്ന് ഭരണസമിതി ഇത് പരിഗണിച്ചില്ല. സൂപ്രണ്ടിനെതിരേ മാത്രം നടപടിയെടുത്തതുകൊണ്ടായില്ല, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരംകാണാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ചേരണമെന്ന് ബിജെപി കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടു.
ഇത്രയും കാലമായിട്ടും ആശുപത്രിയിലെ പോരായ്മകൾ നികത്താനാവാത്തത് നഗരസഭാ ഭരണസമിതിയുടെ പോരായ്മയാണെന്ന് കോൺഗ്രസ് കൗൺസിലർമാരും കൗൺസിലിൽ ആരോപിച്ചു. എന്നാൽ അജണ്ടയിലില്ലാത്ത വിഷയത്തിൽ ചർച്ചനടത്തി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നുകാണിച്ച് മുസ്ലിംലീഗ് കൗൺസിലർ വിയോജിപ്പുമായി രംഗത്തെത്തി.
കുറച്ചുകാലമായി നഗരസഭാ കൗൺസിൽ യോഗത്തിലും താലൂക്ക് വികസനസമിതി യോഗത്തിലും താലൂക്കാശുപത്രിയിലെ പ്രവർത്തനങ്ങൾക്കെതിരേ വിമർശനങ്ങളുയരാറുണ്ട്. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾ ആശുപത്രിയിലേക്ക് മാർച്ചും നടത്തിയിരുന്നു.