കുന്തിപ്പാടത്ത് വീണ്ടും പുലിയുടെ സാന്നിധ്യം; കുരങ്ങിന്റെ അവശിഷ്ടം കണ്ടെത്തി
1515672
Wednesday, February 19, 2025 6:24 AM IST
മണ്ണാർക്കാട്: കണ്ടമംഗലം കുന്തിപ്പാടത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. പുലി പിടിച്ചതെന്ന് സംശയിക്കുന്ന കുരങ്ങിന്റെ അവശിഷ്ടം കണ്ടെത്തി. ഒരു ദിവസം പഴക്കമുള്ള കുരങ്ങിന്റെ അവശിഷ്ടമാണ് ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചു.
വനപാലകർ പരിശോധന നടത്തി. കുരങ്ങിന്റെ അവശിഷ്ടം കണ്ടെത്തിയതിന് 25 മീറ്റർ അകലെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. പുലിയും കുരങ്ങും മൽപ്പിടുത്തം നടത്തിയതിന്റെ ലക്ഷണങ്ങളും കാണാനായിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ പുലിയെ കാണാറുണ്ടെന്നാണ് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നത്.
ഒരു വർഷം മുമ്പാണ് പുലിയുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് വനപാലകർ കൂടുവെക്കുകയും പുലി കൂട്ടിൽ അകപ്പെടുകയും ചെയ്തത്. പുലി ഉണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് ഇവിടെ വീണ്ടും പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പുലർച്ചെ ഒരുമണി മുതൽ ഈ വഴി ധാരാളം ടാപ്പിംഗ് തൊഴിലാളികൾ പോകുന്നുണ്ട്. കൂടാതെ ഇവിടെയുള്ള വീടുകളിൽ ധാരാളം വളർത്തുമൃഗങ്ങളുമുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായ പുലിയെ പിടിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.