പന്നിയങ്കരയിലെ പ്രദേശവാസികളുടെ ടോൾ: മാർച്ച് 15 വരെ തത്സ്ഥിതി തുടരും
1515675
Wednesday, February 19, 2025 6:24 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെയും സ്കൂൾ വാഹനങ്ങളുടെയും ടോൾ സംബന്ധിച്ച തീരുമാനമെടുക്കാൻ ഏഴംഗ സബ് കമ്മറ്റിയെ ഇന്നലെ ചേർന്ന സർവകക്ഷിയോഗം ചുമതലപ്പെടുത്തി. കെ. രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി. സുമോദ്, കെ. ഡി. പ്രസേനൻ, കളക്ടർ ജി. പ്രിയങ്ക, ടോൾ കമ്പനി പ്രതിനിധി, നാഷണൽ ഹൈവേ അഥോറിറ്റി പ്രതിനിധി എന്നിവരടങ്ങുന്നതാണ് സബ് കമ്മിറ്റി.
മാർച്ച് 15 നകം വിഷയത്തിൽ തീരുമാനമെടുക്കാനും കമ്മിറ്റിയെടുത്ത തീരുമാനം സർവകക്ഷിയോഗത്തെ ബോധ്യപ്പെടുത്തി പിന്നീടത് നടപ്പിലാക്കാൻ കൈമാറാനുമാണ് ധാരണയായിട്ടുള്ളത്. അതുവരെ തത്സ്ഥിതി തുടരാനും നാലുചക്ര ഓട്ടോറിക്ഷയ്ക്ക് ചുമത്തുന്ന അമിതടോൾ ഇല്ലാതാക്കണമെന്നും യോഗം ടോൾകമ്പനിയോട് ആവശ്യപ്പെട്ടു.
ടോൾ ബൂത്തുകളിലൂടെ കടന്നുപോകുന്ന സ്കൂൾ വാഹനങ്ങൾക്ക് ടോൾ കുടിശിക അടക്കണമെന്നാവശ്യപ്പെട്ട് ടോൾ കമ്പനി നൽകിയ നോട്ടീസ് പിൻവലിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. പത്ത് കിലോമീറ്ററിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു സർവകക്ഷി യോഗത്തിലെ അഭിപ്രായം. എന്നാൽ അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ ടോൾ കമ്പനിയും നാഷണൽ ഹൈവേ പ്രതിനിധിയും ഉറച്ചു നിന്നതോടെയാണ് അന്തിമ തീരുമാനത്തിലെത്താനാകാതെ സബ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തിയത്. വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പി.പി. സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ. രാധാകൃഷ്ണൻ എംപി, കെ.ഡി. പ്രസേനൻ എംഎൽഎ, കളക്ടർ ജി. പ്രിയങ്ക, ടോൾ മാനേജർ മുകുന്ദൻ, നാഷണൽ ഹൈവേ അഥോറിറ്റി പാലക്കാട് മാനേജർ ബിജുകുമാർ വിവിധ രാഷ്ട്രീയ പാർട്ടി - സംഘടനാ പ്രതിനിധികളായ ടി. കണ്ണൻ, സുരേഷ് വേലായുധൻ, ബോബൻ ജോർജ്, തോമസ് ജോൺ കാരുവള്ളിൽ, പി.കെ. ഗുരു, ജോസ് മാസ്റ്റർ, ഇല്ല്യാസ് പടിഞ്ഞാറേകളം, സി.കെ. അച്യുതൻ, വി. സുകുമാരൻ മാസ്റ്റർ, സാജൻ, കെ.എം. ജലീൽ, സെയ്തലവി, ജിജോ അറയ്ക്കൽ, സുലൈമാൻ കിഴക്കഞ്ചേരി, ജോർസി ജോസഫ്, ഉസൈനാർ, ശിവദാസൻ, താജുദീൻ എന്നിവർ പ്രസംഗിച്ചു.