അന്തർദേശീയ വിദ്യാഭ്യാസ ഉച്ചകോടി ‘സറാക്സ’21, 22 തിയതികളിൽ
1515877
Thursday, February 20, 2025 2:04 AM IST
പാലക്കാട്: രൂപതയുടെ വിദ്യാഭ്യാസ സംരംഭമായ സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വെള്ളപ്പാറ, പാലക്കാട് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർദേശീയ വിദ്യാഭ്യാസ ഉച്ചകോടി ’സറാക്സ’ 21, 22 തിയതികളിൽ നടക്കും.
ഫ്രാൻസ്, സ്പെയിൻ, അയർലൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ പ്രതിനിധികളും ദേശീയ വിദ്യാഭ്യാസ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി ഏഴായിരത്തിലധികം വിദ്യാർഥികളും അയ്യായിരത്തിലധികം രക്ഷിതാക്കളും അഞ്ഞൂറിലധികം വിദ്യാഭ്യാസ ഗവേഷകരും പങ്കെടുക്കും.
വിദ്യാഭ്യാസ ഉച്ചകോടിയിൽ നൂറിലധികം വിദ്യാർഥികൾ ശാസ്ത്രീയ, ഗവേഷക പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഇരുന്നൂറിലധികം അധ്യാപകരുടെ പ്രഫഷണൽ റിസർച്ച് സെമിനാറുകളും ഉച്ചകോടിയിലുണ്ടാകും. വ്യത്യസ്ത ശാസ്ത്ര മേഖലകളിലുള്ള സംവാദവും പുസ്തകോത്സവവും സെറാക്സാ അന്തർദേശീയ ഉച്ചകോടിയുടെ പ്രത്യേകതയാകും. സാൻജോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാന്പും ഉണ്ടാകും.
ലൈവ് ഫിഷിംഗ് എക്സ്പോഷർ, ലൈവ് പാഡിഫീൽഡ് എക്സ്പോഷർ, ഗണിത ശാസ്ത്ര ശില്പശാല, ശാസ്ത്രമേള, എക്സിബിഷൻ, കാർണിവൽ, കഴിഞ്ഞ ഏഴുമാസം വിദ്യാർഥികൾ പഠിച്ചറിഞ്ഞ കാര്യങ്ങളുടെ വ്യത്യസ്തമായ അവതരണം, ഫുഡ് ഫെസ്റ്റ്, അന്തർദേശീയ വിദ്യാഭ്യാസ പ്രതിനിധികൾ നയിക്കുന്ന വിദ്യാഭ്യാസ സെമിനാറുകൾ, മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാഹിത്യ, സംഗീത, നൃത്തസദസ്്, സൗണ്ട് മ്യൂസിക് എക്സ്പോ, ഇക്കോ ഫ്രണ്ട്ലി എക്സ്പോഷർ തുടങ്ങിയവയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
സറാക്സ ഹെഡ് ഓഫ് ഓപ്പറേഷൻസ് മേധാവി ഫാ. തോമസ് കുരിയൻ, സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. കെ.ആർ. വിനോദ,് പി.എം. വിദ്യ, ടി.എസ്. റോഷ്ന, കെ. സിന്ധു, എച്ച്. ഗായത്രി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.