ഉഷ്ണതരംഗ സാധ്യത: ഫയർ ഓഡിറ്റ് നടപ്പാക്കാൻ നിർദേശം
1515875
Thursday, February 20, 2025 2:04 AM IST
പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽകണ്ട് കെട്ടിടങ്ങളിലും തീപിടിത്ത സാധ്യതയുള്ള മേഖലകളിലും അടിയന്തര ഫയർ ഓഡിറ്റ് നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി.
മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, വ്യവസായ മേഖലകൾ, കാട്ടുതീ സാധ്യതയുള്ള വനത്തോട് ചേർന്നുള്ള പ്രദേശങ്ങൾ, ഒഴിഞ്ഞു കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ, പടക്കനിർമാണ ശാലകളും വില്പനകേന്ദ്രങ്ങളും, മറ്റ് തീപിടിത്ത സാധ്യത കൂടുതലുള്ള പൊതു-സ്വകാര്യ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടപ്പിലാക്കാനാണ് നിർദേശം. ഉഷ്ണതരംഗ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓണ്ലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് നിർദേശം.
ചൂട് കൂടുതലുള്ള രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് പാർക്കുകൾ പോലുള്ള വിശ്രമകേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും ജില്ല കളക്ടർ നിർദേശിച്ചു. ചൂട് കൂടുതലുള്ള സാഹചര്യത്തിൽ തണ്ണീർപന്തൽ ആരംഭിക്കാനും കുടിവെള്ള വിതരണം ഉറപ്പാക്കാനും എസ്ഡിആർഎഫ് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകൾ പരിശോധിച്ച് ആവശ്യാനുസരണം നന്നാക്കാനും തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ ക്രമീകരണം വരുത്താനും തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദേശം നൽകി.
ഏറ്റവും ചൂട് കൂടുതലുള്ള പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാനും പ്രധാന സ്ഥാപനങ്ങളിലെ വൈദ്യുതി മുടക്കം നിയന്ത്രിക്കാനും കെഎസ്ഇബിയോട് നിർദേശിച്ചു. സ്കൂളുകളിൽ വാട്ടർ ബെൽ സന്പ്രദായം നടപ്പിലാക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. ക്ലാസ് മുറികളിൽ ഫാനുകളും കൃത്യമായ വായു സഞ്ചാരവും ഉറപ്പാക്കണം. അത്യാവശ്യമെങ്കിൽ മാത്രമേ സ്പെഷൽ ക്ലാസുകൾ നടത്താവൂ.
അസംബ്ലികൾ, പി.ടി പിരിയഡുകൾ എന്നിവ നിയന്ത്രിക്കണം. യൂണിഫോമുകളിൽ ഷൂസ്, സോക്സ്, ടൈ തുടങ്ങിയവയിൽ ഇളവ് നൽകാനും നിർദേശമുണ്ട്.