പോത്തുണ്ടിക്കുസമീപം കാട്ടാന കൃഷി നശിപ്പിച്ചു
1516144
Friday, February 21, 2025 1:19 AM IST
നെന്മാറ: പോത്തുണ്ടിക്കു സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കോതശേരിക്കും മാട്ടായിക്കും ഇടയിലുള്ള പൂങ്ങോടാണ് കാട്ടാന വാഴയും മറ്റു കൃഷിയും നശിപ്പിച്ചത്.
പൂങ്ങോട് ഭാഗത്തുള്ള വനമേഖലയിൽ നിന്നും സൗരോർജവേലി തകർത്താണ് റബർ തോട്ടങ്ങളിലൂടെ ഇറങ്ങി നിറഞ്ഞൊഴുകുന്ന ഇടതുകനാൽ മുറിച്ചുകടന്ന് കനാൽ ബണ്ടിലും വീടുകൾക്ക് സമീപമുള്ള കൃഷിസ്ഥലങ്ങളിലെയും വാഴകളും കൃഷിയും നശിപ്പിച്ചത്.
പുലർച്ചെ മേഖലയിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് എത്തിയ തൊഴിലാളികളുടെ ലൈറ്റുകളുടെ സാന്നിധ്യം കണ്ട ശേഷമാണ് കാട്ടാന വനമേഖലയിലേക്ക് തിരിച്ചുകയറിയത്. പകൽ സമയത്ത് സമീപ വനമേഖലയിൽ ആന തീറ്റ തേടുന്നതിന്റെ ശബ്ദം കേട്ടതായി ടാപ്പിംഗ് തൊഴിലാളിയായ സി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കനാൽബണ്ടിൽ കൃഷി ചെയ്തിരുന്ന വാഴകൾ കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ ആനപ്പിണ്ടം റോഡിൽ ചിതറി കിടക്കുന്നുണ്ട്.
പോത്തുണ്ടി, തളിപ്പാടം, കരിമ്പാറ മേഖലകളിലൂടെ ആനക്കൂട്ടം എത്താറുണ്ടെങ്കിലും റബർ തോട്ടങ്ങളും കനാലും മുറിച്ചു കടന്ന് കൃഷി നശിപ്പിക്കുന്നത് ആദ്യമാണ്.
കഴിഞ്ഞദിവസം നശിപ്പിച്ച വാഴകൾക്ക് തൊട്ടടുത്തായി പച്ചക്കറി കൃഷിത്തോട്ടങ്ങളും വിളഞ്ഞു തുടങ്ങിയ നെൽപ്പാടങ്ങളുമുണ്ട്. തുടർ ദിവസങ്ങളിലും കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.
ആനയെ പോത്തുണ്ടി ഉൾവനത്തിലേക്ക് കയറ്റി വിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രവർത്തന രഹിതമായി തകർന്നു കിടക്കുന്ന സൗരോർജ വേലി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.