മെറ്റ നാടകഅവാർഡ് ചുരുക്കപ്പട്ടികയിൽ ജില്ലയിൽനിന്ന് രണ്ട് നാടകങ്ങൾ
1515876
Thursday, February 20, 2025 2:04 AM IST
പാലക്കാട:് 20-ാമത് മഹീന്ദ്ര എക്സലൻസ് ഇൻ തീയറ്റർ (മെറ്റ) അവാർഡിനായുള്ള 10 നാടകങ്ങളുടെ ചുരുക്കപ്പട്ടികയിൽ പാലക്കാട് ആസ്ഥാനമായ നാടകവേദികളുടെ രണ്ട് നാടകങ്ങൾ ഇടം പിടിച്ചു.
ഒ.ടി. ഷാജഹാൻ സംവിധാനം ചെയ്ത ‘ജീവന്റെ മാലാഖ’, കണ്ണൻ പാലക്കാട് സംവിധാനം ചെയ്ത ‘കണ്ടോ നിങ്ങൾ എന്റെ കുട്ടിയെ കണ്ടോ’ എന്നീ നാടകങ്ങളാണ് മഹീന്ദ്ര ഗ്രൂപ്പ് ഏർപ്പെടുത്തിയ നാടക മികവിനുള്ള അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ജീവന്റെ മാലാഖ രംഗത്ത് അവതരിപ്പിക്കുന്നത് പാലക്കാട്ടെ അത്ലറ്റ് കായിക നാടകവേദിയാണ്. കണ്ടോ എന്റെ കുട്ടിയെ കണ്ടോ എന്ന നാടകം അവതരിപ്പിക്കുന്നത് നവരംഗ് പാലക്കാടാണ്.
ഹിന്ദി, ബംഗ്ല, കന്നട, സംസ്കൃതം, ബുന്ദേലി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ളതാണ് ചുരുക്ക പട്ടികയിലെ മറ്റ് നാടകങ്ങൾ. കലാരംഗത്തെ പ്രമുഖരായ കുൽജീത്ത് സിംഗ്, ദിവ്യ സേത്ത് ഷാ, ദീലീപ് ശങ്കർ, ശങ്കർ വെങ്കിടേശ്വരൻ, അനുരൂപ റോയി എന്നിവരടങ്ങിയ കമ്മിറ്റി 32 ഭാഷകളിൽ നിന്നും ലഭിച്ച 367 എൻട്രികളിൽ നിന്നാണ് 10 നാടകങ്ങൾ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ മാർച്ച് 13 മുതൽ 20 വരെ ന്യൂഡെൽഹിയിൽ അവതരിപ്പിക്കും. 20ന് കമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിൽ വിജയികളെ പ്രഖ്യാപിക്കും.