ജില്ലാ ആശുപത്രിയിൽ തീപിടിത്തം
1514881
Monday, February 17, 2025 1:16 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്നലെ പുലർച്ചെ 2.40നാണ് ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വനിതകളുടെ വാർഡിനു സമീപത്തെ സ്റ്റോർറൂമിൽ തീപിടിത്തമുണ്ടായത്. റെക്കോർഡുകളും മരുന്നുകളും സൂക്ഷിക്കുന്ന മുറിയിലാണ് തീപിടിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരാണ് ആദ്യംകണ്ടത്. ഉടനെതന്നെ വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 46 പേരെയും ഐസിയുവിലുണ്ടായിരുന്ന 16 പേരെയും മറ്റു വാർഡുകളിലേക്കു മാറ്റിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ജയശ്രീ അറിയിച്ചു. നഴ്സിംഗ് സ്റ്റേഷനും ഇതിനു സമീപത്തുതന്നെയായിരുന്നു. മുറിയിൽനിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. ആർക്കും പരിക്കോ മറ്റപകടങ്ങളോ ഇല്ല.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പാലക്കാട് അഗ്നിരക്ഷാസേന ഒരുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എസ്. അനിൽ കുമാർ നേതൃത്വം നൽകി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി. പ്രസാദ്, ഫയർ ഓഫീസർമാരായ രഞ്ജിഷ്, സതീഷ്, അഷറഫ്, ശ്രീജിത്ത്, സഞ്ജിത്, അശോകൻ, അമൽ പ്രഭ,അനീസ് ഫയർവുമൺ ശ്രുതി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ഷമീർ, ശിവദാസൻ. ഹോം ഗാർഡ് രതീഷ് എന്നിവർ പങ്കെടുത്തു. നാശനഷ്ടം കണക്കാക്കി വരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.