സ്കൂൾ വാർഷികാഘോഷത്തിനു വിദ്യാർഥികളുടെ വക കുതിരക്കോലം
1515194
Tuesday, February 18, 2025 1:27 AM IST
ഒറ്റപ്പാലം: സ്കൂൾ വാർഷികാഘോഷത്തിനു വിദ്യാർഥികളുടെ വക പൊയ്കാൽ കുതിരയും. മാന്നനൂർ എയുപി സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾ പൊയ്ക്കുതിരയെ എഴുന്നള്ളിച്ചത്.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലാണ് വെള്ളിയാടിൽനിന്നുള്ള കുട്ടികൾ കുതിരക്കോലവുമായി എത്തിയത്.
പൂർവ വിദ്യാർഥിയായ ഒമ്പതാംക്ലാസുകാരൻ വി. അഖിൽകൃഷ്ണയാണ് ഈ ആശയത്തിനു പിന്നിൽ. കൂടെ സഹോദരനായ ഏഴാംക്ലാസുകാരൻ അമൽകൃഷ്ണയും ആറാംക്ലാസുകാരനായ എൻ. വിപിനും നാലാംക്ലാസുകാരൻ എൻ. വിമലുമാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞവർഷം 60 വർഷത്തിനുശേഷം ആരിയങ്കാവ് പൂരത്തിന് വെള്ളിയാട് ദേശത്തുനിന്ന് കുതിരയെ കൊണ്ടുപോയിരുന്നു.
ഇതാണ് കുട്ടികൾക്ക് കുതിരനിർമാണത്തിന് പ്രചോദനമായത്. ആറരയടി ഉയരമുണ്ട് കുതിരയ്ക്ക്. വൈക്കോലും തുണിയും മരവും കൊണ്ടാണ് കുതിരയുണ്ടാക്കിയത്. ഒരാഴ്ചകൊണ്ടാണ് കുതിര നിർമിച്ചതെന്നു അഖിൽകൃഷ്ണ പറഞ്ഞു. 1,500 രൂപയോളം ചെലവും വന്നു. മരത്തിൽ കുതിരത്തല നിർമിച്ചത് അഖിലാണ്. സ്കൂൾ വാർഷികാഘോഷത്തിൽ കുതിരകോലം ശ്രദ്ധേയമായി.