പന്നിയങ്കരയിൽ ടോൾ പുകയുന്നു
1515188
Tuesday, February 18, 2025 1:27 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കുന്നതു സംബന്ധിച്ച് സമരക്കാരെ ഭിന്നിപ്പിക്കുന്ന ടോൾകമ്പനിയുടെ തന്ത്രങ്ങൾക്കിടെ സ്ഥലം എംഎൽഎയായ പി.പി. സുമോദിനെതിരെ കടുത്ത പ്രതിഷേധവുമായി സമരക്കാർ.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആക്ഷേപവുമായാണ് കോൺഗ്രസും ബിജെപിയും സംയുക്ത സമരസമിതിയും എംഎൽഎക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. എംഎൽഎ ഉൾപ്പെടുന്ന സിപിഎമ്മും ടോൾകമ്പനിയും തമ്മിലുള്ള രഹസ്യ ഡീൽ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ സമരക്കാർ ടോൾപ്ലാസക്കു മുന്നിൽ സംഘടിച്ചതു ചെറിയ തോതിൽ സംഘർഷാന്തരീക്ഷമുണ്ടാക്കി.
സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും ടോൾപ്ലാസക്കു മുന്നിലുണ്ടായിരുന്നു. സമരക്കാരുമായി ചർച്ച നടത്താതെ ടോൾപിരിവ് മാറ്റിവച്ചുവെന്ന് ഞായറാഴ്ച രാത്രി ഒന്പതിനു എംഎൽഎയുടെ പ്രസ്താവന വന്നതാണ് സമരക്കാരെ ചൊടിപ്പിച്ചത്.
ഇന്നലെ രാവിലെ സമരസമിതി നേതാക്കൾ ഇക്കാര്യം ടോൾകമ്പനി അധികൃതരുമായി സംസാരിച്ചപ്പോൾ എംഎൽഎ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന നിലപാടാണ് ടോൾ അധികൃതർ സ്വീകരിച്ചത്. ഇതു സമരക്കാരെ കൂടുതൽ പ്രകോപിതരാക്കി. സിപിഎം നേതാക്കളാരും ഇന്നലെ സ്ഥലത്തെത്തിയിരുന്നുമില്ല.
സമരാവേശം തണുപ്പിക്കാൻ അനർഹരായ പലരേയും സൗജന്യ പ്രവേശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും പരാതികളുണ്ട്. തർക്കങ്ങൾക്കൊടുവിൽ സിഐ ബെന്നിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരസമിതി നേതാക്കളും ടോൾകമ്പനി ഓഫീസിൽ പോയി അധികൃതരുമായി ചർച്ച നടത്തി.
എംഎൽഎക്കെതിരെ രൂക്ഷവിമർശനം ചർച്ചകളിലും ഉയർന്നു വന്നു. ഒടുവിൽ സ്ഥലത്തുവച്ചുതന്നെ സിഐ എംഎൽഎയുമായി ഫോണിൽ സംസാരിച്ച് ചർച്ചക്ക് വഴിയൊരുക്കുകയായിരുന്നു. ചർച്ചകളിൽ സിഐക്കു പുറമെ എസ്ഐ ബാബു രാഷ്ട്രീയ പാർട്ടി, സമരസമിതി നേതാക്കളായ ബോബൻ ജോർജ്, മോഹനൻ പള്ളിക്കാട്, അഡ്വ.എം.ദിലീപ്, ബാബു മാധവൻ സുരേഷ് വേലായുധൻ, ജോസ് മാസ്റ്റർ, ടോൾ കമ്പനി മാനേജർ മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
ലിസ്റ്റുമായി ടോൾകന്പനി
സൗജന്യപാസ് അനുവദിക്കുന്ന വാഹനങ്ങളുടെ ആദ്യലിസ്റ്റ് പുറത്തുവിട്ട് ടോൾ കമ്പനി സമരക്കാരെ ഭിന്നിപ്പിക്കുന്ന തന്ത്രം പയറ്റുന്നതും പ്രകോപനത്തിനിടയാക്കിയിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവർ സമരത്തിൽ നിന്നും മാറി നിൽക്കുമെന്ന കണക്കുകൂട്ടലിലാണ് ധൃതി പിടിച്ച് ടോൾ കമ്പനി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വിചിത്രവാദം, ദുരിതം
ടോൾ പ്ലാസയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യപാസ് അനുവദിക്കുമെന്നും പത്തു കിലോമീറ്ററിനപ്പുറമുള്ളവർ നിശ്ചിത തുകയുടെ മാസ്പാസ് എടുക്കണമെന്നുമാണ് ടോൾ അധികൃതർ പറയുന്നത്. എന്നാൽ അഞ്ചുകിലോമീറ്റർ മുതൽ പത്തുകിലോമീറ്റർ വരെയുള്ളവരുടെ കാര്യത്തിൽ കമ്പനി നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ടോൾ പ്ലാസയിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരം കണക്കാക്കുന്നതിനെതിരെയും വ്യാപകമായ പരാതികളുണ്ട്.
അഞ്ച് കിലോമീറ്റർ വായുദൂരത്തിലുള്ളവർക്ക് സൗജന്യ പാസ് അനുവദിക്കുമെന്ന് പറഞ്ഞിരുന്ന ടോൾ കമ്പനി ഇപ്പോൾ നിലപാട് മാറ്റി റോഡ് മാർഗവും കാൽനട ദൂരവുമായി ദൂരം കുറച്ചിരിക്കുകയാണ്. ഇത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.