കേരളത്തിലേത് സാധ്യമാകുന്നതു പറയുകയും നടപ്പാക്കുകയും ചെയ്യുന്ന സർക്കാർ: മന്ത്രി
1515191
Tuesday, February 18, 2025 1:27 AM IST
വടക്കഞ്ചേരി: സാധ്യമാകുന്നത് പറയുകയും പറയുന്നതു നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നു പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
അഞ്ചുവർഷംകൊണ്ട് നൂറിൽപരം പ്രധാന പാലങ്ങളുടെ നിർമാണമാണ് യാഥാർഥ്യമായത്. കാസർകോട് - തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്നും 5580 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയാണ് ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കിഴക്കഞ്ചേരി മമ്പാട് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത പോൾസൺ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. പ്രേമലത, പഞ്ചായത്ത് മെംബർമാരായ എൻ. ശിവദാസൻ, സജിത ശിവദാസ്, മുൻമന്ത്രി കെ. ഇ. ഇസ്മയിൽ, മുൻ എംഎൽഎമാരായ സി. കെ. രാജേന്ദ്രൻ, സി. ടി. കൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്. രാധാകൃഷ്ണൻ , സലീം പ്രസാദ്, സി. ചന്ദ്രൻ , ബഷീർ, അഡ്വ. ടൈറ്റസ് ജോസഫ്, അസിസ്റ്റൻറ് എൻജിനീയർ എ.അനുരാഗ് എന്നിവർ പ്രസംഗിച്ചു.