പണി പൂർത്തിയായിട്ടും സൗരോർജ വൈദ്യുതപദ്ധതി ഉദ്ഘാടനം നീളുന്നു
1515193
Tuesday, February 18, 2025 1:27 AM IST
നെന്മാറ: നെന്മാറയിൽ പണി പൂർത്തിയായ സൗരോർജ വൈദ്യുതപദ്ധതിയുടെ ഉദ്ഘാടനം നീളുന്നു. ഏഴുവർഷം മുൻപ് അന്നത്തെ വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്ത സൗരോർജ വൈദ്യുതി ഉൽപാദന പദ്ധതിയാണ് ഒട്ടേറെ വിവാദങ്ങൾക്കുശേഷം പല കാരണങ്ങളാൽ മുടങ്ങിക്കിടന്നത്.
പദ്ധതിയിൽ സൗരോർജ പാനൽ സ്ഥാപിക്കുന്ന ജോലികൾ രണ്ടുവർഷം മുൻപാണ് പുനരാരംഭിച്ചത്. പണിപൂർത്തിയാക്കി വർഷങ്ങളായെങ്കിലും വൈദ്യുതി ഉത്പാദനം നടത്താതെ പാനലുകൾ പൊടിപിടിച്ചു കിടക്കുകയാണ്. നെന്മാറ അയിനംപാടത്തുള്ള കെഎസ്ഇബിയുടെ പഴയ സെക്്ഷൻ ഓഫിസ് വളപ്പിൽ 9.69 കോടി രൂപ മുടക്കി 1.5 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പാനലുകളാണു സ്ഥാപിച്ചിട്ടുള്ളത്.
പണി പൂർത്തിയായെന്നും കെഎസ്ഇബി ലൈനുമായി ബന്ധിപ്പിക്കുന്ന ജോലിമാത്രമേ ബാക്കിയുള്ളുവെന്നും അധികൃതർ പറയുന്നു.
സൗരോർജ പാനലിൽ നിന്നുള്ള വൈദ്യുതി തത്കാലം തൊട്ടടുത്ത ട്രാൻസ്ഫോമറുമായി ബന്ധിപ്പിക്കാനാണു നീക്കം. ഉടൻതന്നെ ഇതുപൂർത്തിയാക്കും. തുടർന്ന് സമീപത്തു തന്നെയുള്ള സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകും.
ആദ്യഘട്ടത്തിൽ കെഎസ്ഇബി നെന്മാറ സെക്ഷൻ ഓഫീസായി പ്രവർത്തിച്ചിരുന്ന വളപ്പിലെ മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടിക്കുതന്നെ വർഷങ്ങളെടുത്തു.
ഇതോടെ ആദ്യം കരാർ ഏറ്റെടുത്ത കമ്പനി സർക്കാരിനോടു കൂടുതൽ തുക ആവശ്യപ്പെട്ടു. പിന്നീട് 2021ൽ രണ്ടാമതു കരാർ ഏറ്റെടുത്ത കമ്പനിയും പ്രാഥമിക ജോലികൾ ചെയ്തശേഷം ഉപേക്ഷിച്ചു മടങ്ങി. കേന്ദ്രം ജിഎസ്ടി വർധിപ്പിച്ചതായിരുന്നു കാരണം.