പട്ടാമ്പി നഗരം കാത്തിരിക്കുന്നു...ബൈപാസ് റോഡിനും ഫ്ളൈ ഓവറിനുംവേണ്ടി
1515195
Tuesday, February 18, 2025 1:27 AM IST
ഷൊർണൂർ: പട്ടാമ്പി കാത്തിരിക്കുന്നു, ബൈപ്പാസ് റോഡിനും ഫ്ളൈ ഓവറിനും വേണ്ടി. രൂക്ഷമായ ഗതാഗതകുരുക്കുമൂലം വീർപ്പുമുട്ടുന്ന പട്ടാമ്പിയുടെ ഏക പ്രതീക്ഷ ഇനി ഇതിലാണ്.
നഗരത്തിലെ ഭൂരിഭാഗം റോഡുകൾക്കും വേണ്ടത്ര വീതിയില്ലാത്ത സ്ഥിതിയാണ്. സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി ടോക്കൺ തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ പദ്ധതി നടപ്പാകണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്.
സ്ഥലമേറ്റെടുക്കൽ, റോഡിന്റെ വീതികൂട്ടൽ അടക്കമുള്ളവ ഇനിയും നടക്കേണ്ടതുണ്ട്. പട്ടാമ്പി- കുളപ്പുള്ളി റോഡ് നവീകരണം വരുന്നതോടെ പട്ടാമ്പി പട്ടണത്തിലെ റോഡ് വീതി കൂട്ടൽ നടപ്പാവുമെന്നാണു പ്രതീക്ഷ.
മേലേ പട്ടാമ്പിയിൽനിന്നു പുഴക്കിപ്പുറത്തേക്ക് ഫ്ളൈഓവർകൂടി വന്നാൽ ദീർഘദൂരയാത്രക്കാർക്ക് ആശ്വാസമാവും.ബസ് സ്റ്റാൻഡ് റോഡ്, ഗുരുവായൂർ റോഡ് ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗം എന്നിവിടങ്ങളിലൊക്കെ റോഡിനു വീതികുറവാണ്.
പട്ടാമ്പി പട്ടണത്തിൽ റീസർവേ നടത്തി കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് റോഡിനു വീതികൂട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കൈയേറ്റഭൂമി തിരിച്ചുപിടിച്ചാൽ കാൽനടപ്പാതയടക്കം നിർമിക്കാനുള്ള സ്ഥലം പലേടത്തും ലഭിക്കും.
റോഡും വീതികൂട്ടി നിർമിക്കാം. പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണപദ്ധതിയിൽ സ്ഥലം അളന്ന് കൈയേറ്റം ഒഴിപ്പിച്ച് റോഡിന്റെ വീതികൂട്ടൽ പുരോഗമിക്കുകയാണ്.
അടിക്കടിയുള്ള പൈപ്പ് പൊട്ടലും പട്ടാമ്പി നഗരത്തിൽ റോഡ് തകർച്ചക്കിടയാക്കുന്നുണ്ട്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കുശേഷവും റോഡ് നന്നാക്കാൻ വൈകുന്നത് യാത്രക്കാർക്ക് ദുരിതമാണ്.
ബസ് സ്റ്റാൻഡ് മുതൽ മേലേ പട്ടാമ്പി വരെയുള്ള റോഡിൽ വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടിയത് മൂലമുള്ള കുഴികളുണ്ട്. പട്ടാമ്പി പട്ടണത്തിനടിയിലൂടെ പോകുന്ന കുടിവെള്ളപൈപ്പുകൾ കാലപ്പഴക്കം ചെന്നതാണ്.
വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ ഇടയ്ക്കിടെ വലിയ വാഹനങ്ങൾ പോകുമ്പോഴുണ്ടാവുന്ന മർദം താങ്ങാനാവാതെ പൊട്ടുന്ന സ്ഥിതിയുണ്ട്.
പട്ടാമ്പി പട്ടണത്തിൽ പ്രവേശിക്കാതെതന്നെ മറുഭാഗത്തെത്താൻ ബൈപാസ് റോഡും ആവശ്യമാണ്.
പട്ടാമ്പി പാലത്തിന്റെ പൈലിംഗ് പ്രവൃത്തികൾ നിലവിൽ തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതിക്കും വേഗംവക്കേണ്ടതുണ്ടെന്നു നാട്ടുകാർ പറയുന്നു.