പ്രദേശവാസികളുടെ ടോൾവിഷയം: സർവകക്ഷിയോഗം ഇന്ന്
1515189
Tuesday, February 18, 2025 1:27 AM IST
വടക്കഞ്ചേരി: പ്രദേശവാസികളുടെ ടോൾവിഷയം സംബന്ധിച്ച് കെ. രാധാകൃഷ്ണൻ എംപി, പി.പി. സുമോദ് എംഎൽഎ എന്നിവർ പങ്കെടുക്കുന്ന സർവകക്ഷി യോഗം ഇന്നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് വടക്കഞ്ചേരി ടൗണിലുള്ള എംഎൽഎ ഓഫീസിലാണ് എംഎൽഎ യോഗം വിളിച്ചിട്ടുള്ളത്. പ്രദേശവാസികളുടെ ടോൾവിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ഇന്നലെ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് അടിയന്തരമായി യോഗം വിളിച്ചിട്ടുള്ളത്.
ഈ മാസം 28ന് യോഗം വിളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
പാലിയേക്കരയിൽ ഒരു നിയമം,
പന്നിയങ്കരയിൽ മറ്റൊന്ന്
വടക്കഞ്ചേരി: തൃശൂർ പാലിയേക്കരയിൽ പത്തുകിലോമീറ്റർ വായുദൂരത്തുള്ള പ്രദേശവാസികൾക്കെല്ലാം സൗജന്യ പ്രവേശനം. എന്നാൽ 32 കിലോമീറ്റർ ഇപ്പുറത്തുള്ള പന്നിയങ്കരയിൽ അഞ്ചുകിലോമീറ്റർ റോഡ് ദൂരം പ്രഖ്യാപിക്കുന്നതുതന്നെ ഔദാര്യമാണെന്ന നിലയിൽ.
പാലിയേക്കരയിലെ പ്രദേശവാസികൾക്കു വാഹനത്തിൽ പതിക്കാൻ പ്രത്യേക സ്റ്റിക്കറും ടോൾപ്ലാസയിൽനിന്ന് വിതരണം ചെയ്യുന്നുണ്ട്.
നേരത്തെ ആറുമാസത്തെ കാലാവധിയിൽ നൽകിയിരുന്ന സ്റ്റിക്കർ ഇപ്പോൾ ഒരു വർഷത്തേക്കാക്കി ദീർഘിപ്പിക്കുകയും ചെയ്തു. ഓരോ വർഷവും ഇതുപുതുക്കി നൽകുകയാണ് ചെയ്യുന്നത്.
റേഷൻകാർഡ്, ആർസി ബുക്ക്, ആധാർ എന്നീ മൂന്നുരേഖകളുടെ കോപ്പികളും ടോൾപ്ലാസയിൽ നിന്നുള്ള ഫോറവും പൂരിപ്പിച്ചു നൽകിയാൽ മതി. ഇതു പരിശോധിച്ച് ഒരുവർഷത്തേക്ക് വാഹനത്തിൽ ഒട്ടിക്കാനുള്ള സ്റ്റിക്കർ ടോൾപ്ലാസയിൽനിന്നും ലഭിക്കും.
പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഏതു ട്രാക്കിലൂടെ വേണമെങ്കിലും പോവുകയും ചെയ്യാം. നിശ്ചിത ട്രാക്കുകളുമില്ല. എന്നാൽ പന്നിയങ്കരയിലെത്തിയാൽ സ്ഥിതി ആകെ മാറി. പന്നിയങ്കര കേരളത്തിലല്ല എന്ന മട്ടിലാണ് കരാർകമ്പനിയുടെ നിലപാട്. സാങ്കേതികത്വം പറഞ്ഞാണ് പന്നിയങ്കരയിൽ ടോൾകൊള്ളക്ക് ശ്രമം നടക്കുന്നത്.
പാലിയേക്കരയിലേതുപോലെ പന്നിയങ്കരയിലും പ്രദേശവാസികൾക്കു സൗജന്യ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെടാൻ ഭരണകക്ഷിക്കാരും തയാറല്ല.
സമരങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് വസ്തുത മൂടിവക്കുകയാണെന്നും ആരോപണം ശക്തമാണ്.