വേനലെത്തുംമുമ്പേ മംഗലംഡാം വറ്റി
1514875
Monday, February 17, 2025 1:16 AM IST
മംഗലംഡാം: വേനൽ കടുക്കുന്നേയുള്ളു അപ്പോഴേക്കും മംഗലംഡാം വറ്റി. രണ്ടാംവിള കൃഷിക്കുള്ള വെള്ളം വിട്ടുകഴിഞ്ഞാൽ ഡാമിൽ പലഭാഗത്തും കട്ടവിണ്ട് പൂട്ടുകണ്ടം പോലെയാകും.
റിസർവോയർ പിന്നെ കുട്ടികളുടെ കളിസ്ഥലവും വാഹനങ്ങൾ പായുന്ന റോഡുകളുമായി മാറും. ഇങ്ങനെയുള്ള ഡാം ഉറവിടമാക്കിയാണ് നാലു പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വലിയ പദ്ധതിയുടെ പൈപ്പിടൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നത്.
ഇത്രയും പ്രദേശത്തേക്ക് കൊടുക്കാനുള്ള വെള്ളം എവിടെനിന്ന് കിട്ടും എന്ന ചോദ്യത്തിനു ആർക്കും മറുപടിയില്ല. വീട്ടുമുറ്റങ്ങളിൽ ടാപ്പ് സ്ഥാപിക്കുന്നതുവരെ നടക്കുന്നതിനാൽ ഇന്നോ നാളെയോ പൈപ്പിനടിയിൽ പാത്രംവച്ചാൽ വെള്ളം കിട്ടും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഇത്രയും പ്രദേശങ്ങളിൽ കുഴിച്ചിട്ടിട്ടുള്ള പൈപ്പുകളിൽ നനയാനുള്ള വെള്ളംപോലും ഡാമിലില്ലെന്നു കാര്യങ്ങൾ അടുത്തറിയുന്നവർക്കെ അറിയൂ. പാവം ജനങ്ങളെ പറ്റിക്കുന്ന വമ്പൻ പദ്ധതിയാണ് പൈപ്പിടലിൽ ഒതുങ്ങുന്നത്.
കുടിവെള്ള പദ്ധതി യാഥാർഥ്യമാകണമെങ്കിൽ ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും ചെളിയും നീക്കംചെയ്തു സംഭരണശേഷി വർധിപ്പിക്കണം. എന്നാൽ മണ്ണുനീക്കൽ നിർത്തിവച്ചിട്ടു രണ്ടുവർഷത്തോളമായി. തടസങ്ങൾനീക്കി മണ്ണെടുക്കൽ പുനഃസ്ഥാപിക്കാനുള്ള നടപടികളൊന്നും ഇതുവരെയും ആയിട്ടില്ല. ഇതു കോടികളുടെ കുടിവെള്ള പദ്ധതിയെയും ബാധിക്കും.
ഡാമിലെ ജലസംഭരണം വർധിപ്പിക്കാൻ ലക്ഷമിട്ടായിരുന്നു കൊട്ടിഘോഷിച്ച് സംസ്ഥാനത്തുതന്നെ പൈലറ്റ് പദ്ധതിയായി 2020 ഡിസംബറിൽ മണ്ണെടുപ്പ് തുടുങ്ങിയത്. മൂന്നുവർഷത്തിനകം മണ്ണെടുപ്പ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018 ജൂലൈയിലാണ് 140 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.
പൈപ്പിടലും പ്രധാന ടാങ്കുകളുടെ നിർമാണവുമെല്ലാം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും വെള്ളത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇനിയും ധാരണയില്ല.