തടസമില്ലാത്ത റോഡ്ശൃംഖല സർക്കാർലക്ഷ്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1515192
Tuesday, February 18, 2025 1:27 AM IST
പാലക്കാട്: തടസമില്ലാത്ത റോഡ്ശൃംഖല എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
മൂന്നുകോടിരൂപ ചെലവിൽ ബിഎംആൻഡ്ബിസി നിലവാരത്തിൽ നവീകരിച്ച ആണ്ടിമഠം - കടുക്കാംകുന്നം റോഡിന്റെ നിർമാണം പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയുമായി സംസ്ഥാനസർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമായി അകത്തേത്തറ മേൽപ്പാലംപണി പൂർത്തീകരണ വിഷയത്തിൽ അടിയന്തിരമായി റെയിൽവേ ഉദ്യോഗസ്ഥരുമായി ഇടപെട്ടു ചർച്ചനടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റെയിൽവേയുടെ പണി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിർദ്ദേശംവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചന സുദേവൻ, ഗ്രാമപഞ്ചായത്ത് അംഗം ബി. മുരളീധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.