കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കതിർശേഖരണം
1514873
Monday, February 17, 2025 1:16 AM IST
വടക്കഞ്ചേരി: അന്യമാകുന്ന ഓർമ കാഴ്ചകളിലൊന്നാണിത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽനിന്നും നെൽക്കതിരുകൾ പെറുക്കുകയാണിവർ. കൊയ്തു കൂട്ടുന്നതിനിടെ പാടത്തുവീഴുന്ന കതിരുകളാണ് ഇവർക്ക് അന്നത്തിനുള്ള വകയാകുന്നത്.
കൊയ്ത്തുയന്ത്രങ്ങളുടെ വരവിനുമുമ്പ് സ്ത്രീ തൊഴിലാളികളാണ് കൊയ്തുമെതിച്ച് നെല്ല് കുന്നുകൂട്ടുക.
നിശ്ചിത പറ നെല്ല് ഉടമയ്ക്കളന്നാൽ ഒരുപറ നെല്ല് തൊഴിലാളിക്ക് എന്ന അനുപാതത്തിലായിരുന്നു അന്നത്തെ കൂലി. ഓരോ പ്രദേശത്തും ഇതിന് മാറ്റമുണ്ടായിരുന്നു. ഇന്നത്തെതുപോലെ കൂലിയോ മൂന്നുനേരം ഭക്ഷണമോ അന്നില്ല.
സ്ത്രീകൾ നെല്ലു കൊയ്തെടുക്കുമ്പോഴും കറ്റ കെട്ടുമ്പോഴും പാടത്തു അവിടെവിടെയായി നെൽക്കതിരുകൾ വീഴും. കൊയ്ത്തു കഴിഞ്ഞാൽ പിറ്റേദിവസമോ മറ്റോ ഇത്തരത്തിൽ മറ്റു പണികൾക്കൊന്നും പോകാൻ കഴിയാത്ത പ്രായമായവർ പാടങ്ങളിൽ കതിരുകൾ പെറുക്കാനെത്തും.
പാടത്ത് കറ്റകൾ കൂട്ടിവച്ച സ്ഥലത്ത് കൊഴിഞ്ഞുവീണ നെൽമണികൾ അടിച്ചെടുത്ത് വൃത്തിയാക്കി ദിവസവും രണ്ടോമൂന്നോ ഇടങ്ങഴി നെല്ല് സമ്പാദിക്കുന്നവരുമുണ്ടായിരുന്നു.
ഓരോ കൊയ്ത്തുസീസൺ കഴിയുമ്പോഴും ഇവരുടെ പക്കലും ഓരോ കുട്ടിച്ചാക്ക് നെല്ലുകാണും. ഇതൊക്കെയായിരുന്നു പല കുടുംബങ്ങളുടെയും വരുമാന മാർഗം. ഇന്നൊക്കെ ഇത് അപൂർവ കാഴ്ചയാണ്. പുതുതലമുറയ്ക്ക് ഒരുപക്ഷെ, ഇത് എന്താണെന്നുപോലും അറിയില്ല. കാല പെറുക്കുക എന്നാണ് ഇതിനെ പറയുക. ബൈബിളിൽ നിയമാവർത്തന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്.
നിന്റെ വയലിൽ വിളവു കൊയ്യുമ്പോൾ ഒരു കറ്റ അവിടെ മറന്നിട്ടുപോയാൽ അതെടുക്കാൻ തിരികെ പോകരുത്. അത് പരദേശിക്കും അനാഥനും വിധവകൾക്കുമുഉള്ളതാണെന്ന് പറയുന്നു.
ഒലിവുമരത്തിന്റെ ഫലം പറിക്കുമ്പോഴും മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോഴും ഇത്തരത്തിൽ പരദേശിക്കും വിധവക്കും മാറ്റിവയ്ക്കണമെന്നു ഉപദേശിക്കുന്നുണ്ട്.