ഒറ്റപ്പാലം മോട്ടോർവാഹനവകുപ്പിന്റെ പ്രവർത്തനം അവതാളത്തിൽ
1515190
Tuesday, February 18, 2025 1:27 AM IST
ഒറ്റപ്പാലം: വാഹനമില്ലാത്തതിനാൽ വാഹന പരിശോധനയില്ല. ഒറ്റപ്പാലം മോട്ടോർവാഹനവകുപ്പിന്റെ കാര്യമാണിത്. ഔദ്യോഗിക വാഹനമില്ലാത്തതാണ് മോട്ടോർവാഹന വകുപ്പിനെ കുഴയ്ക്കുന്നത്.
പത്തുമാസംമുമ്പ് കാലാവധികഴിഞ്ഞ് നിർത്തിയിടേണ്ടി വന്നതോടെയാണ് വാഹനമില്ലാതായത്. ഇതോടെ വാഹന പരിശോധനയടക്കമുള്ള ഉദ്യോഗസ്ഥരുടെ യാത്രകൾ പ്രതിസന്ധിയിലായി.
താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലം ജോയിന്റ് ആർടി ഓഫീസിലാണ് വാഹനമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി ഉൾപ്പെടെ ഏകദേശം ഒറ്റപ്പാലം താലൂക്ക് മുഴുവൻവരുന്ന പരിധിയാണ് മോട്ടോർവാഹന വകുപ്പിനുള്ളത്.
ഈ സ്ഥലങ്ങളിൽ വാഹനപരിശോധനയ്ക്കും ഈസ്റ്റ് മനിശ്ശേരിയിലും പാലപ്പുറം ചിനക്കത്തൂർക്കാവ് മൈതാനിയിലും നടക്കുന്ന വാഹനപരിശോധനകൾക്കും വാഹനമില്ലാത്ത സ്ഥിതിയാണ്.
വാടകയ്ക്ക് വാഹനമെടുത്തും സ്വന്തം വണ്ടിയെടുത്തും മറ്റ് വാഹനങ്ങളെ ആശ്രയിച്ചുമൊക്കെയാണ് ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ നടന്നു പോകുന്നത്. വാഹനക്ഷമതാ പരിശോധന ഇപ്പോൾ ആഴ്ചയിൽ നാലുദിവസമാണ്. വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്.
ഇതുകൂടാതെ ദിവസവും ഡ്രൈവിംഗ് പരിശോധന ചിനക്കത്തൂർക്കാവ് മൈതാനിയിലും രണ്ട് ഷിഫ്റ്റായി നടക്കുന്നുണ്ട്. ഇതിന് ഒരു എംവിഐയും ഒരു എഎംവിഐയുമാണ് മാറിമാറിയുണ്ടാവുക.
ഡ്രൈവിംഗ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ വാഹനക്ഷമതാ പരിശോധനയ്ക്കു പാടില്ലെന്ന നിർദേശവും വാഹനമില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും പുതിയ വാഹനങ്ങളുടെ പരിശോധനയ്ക്കും പുറമേ നിയമലംഘന പരിശോധന നടത്തണമെങ്കിൽ വാഹനം മുൻകൂട്ടി അറിയിച്ച് ഏർപ്പാടുചെയ്യേണ്ട സ്ഥിതിയുമുണ്ട്.
സ്വകാര്യവാഹനത്തിലെത്തി പരിശോധന നടത്താനാവില്ലെന്ന പ്രശ്നമാണ് കാരണം. കഴിഞ്ഞ മേയ് മാസം ആദ്യത്തിലാണ് ഒറ്റപ്പാലം സബ് ആർടിഓഫീസിലെ വാഹനം 15 വർഷം പൂർത്തിയാക്കിയത്. ഇതോടെ നിരത്തിലിറക്കാനാവാതെ മിനി സിവിൽസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരിക്കയാണ്.